
ആര്യങ്കാവ്: കൊല്ലം ആര്യങ്കാവ് പുളിയറയ്ക്ക് സമീപം റെയിൽവേ പാളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണ അന്ത്യം. തിരുനെൽവേലി മുക്കുടൽ സ്വദേശി മണിയാണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ നിന്നും 50 അടി താഴ്ചയിൽ റെയിൽവേ ട്രാക്കിലേക്കാണ് അർദ്ധരാത്രിയോടെ ലോറി വീണത്.കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്ലൈവുഡ് കയറ്റി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
വീഴ്ചയുടെ ആഘാതത്തിൽ ലോറി പൂർണമായും തകർന്നു. മൂന്ന് കഷ്ണങ്ങളായാണ് ഡ്രൈവർ മണിയുടെ മൃതദേഹം ലഭിച്ചത്. അപകടത്തെ തുടർന്ന് തമിഴ്നാട്ടിൽ നിന്നും ആറ്റുകാൽ പൊങ്കാലയ്ക്കുള്ള സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി. ട്രെയിൻ വരുന്നതിന് 10 മിനിറ്റ് മുൻപാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുനിന്നും 200 മീറ്റർ അകലെയുണ്ടായിരുന്ന നാട്ടുകാർ അപകട സിഗ്നൽ നൽകി ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കൊല്ലം ചെങ്കോട്ട പാതയിൽ ഗതാഗതം പുനഃരാരംഭിച്ചത്. ഒരു വർഷം മുമ്പ് ഇതേ സ്ഥലത്ത് ഒരു ലോറി പാളത്തിലേക്ക് പതിച്ചിരുന്നു. എന്നാൽ അന്ന് വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
Read More : തിരുവനന്തപുരമടക്കം മൂന്ന് ജില്ലകളിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത, കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്