
ഇടുക്കി: ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ തോക്കുകളുമായി അതിക്രമിച്ചു കടന്ന് നായാട്ടിന് ശ്രമിച്ച നാലംഗ സംഘത്തിൽ ഒരാളെ പീരുമേട് മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി. വനപാലകരെ തോക്ക് ചൂണ്ടി ആക്രമിക്കാൻ ശ്രമിച്ച സംഘത്തെ സാഹസികമായി തോക്ക് പിടിച്ചു വാങ്ങിയാണ് കീഴ്പ്പെടുത്തിയത്. വനം വകുപ്പ് എരുമേലി റെയിഞ്ചിൽ മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽ പുറക്കയം ഭാഗത്താണ് തോക്കുകളുമായി നായാട്ടിനായി നാലു പേർ അതിക്രമിച്ചു കയറിയത്. ഇതിൽ കണയങ്കവയൽ വടകര വീട്ടിൽ ഡൊമിനിക് ജോസഫിനെയാണ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേർ ഓടി രക്ഷപെട്ടു.
ഞായറാഴ്ച വൈകുന്നേരം വനത്തിനുള്ളിൽ പട്രോളിംഗ് കഴിഞ്ഞു മടങ്ങി വന്ന വനപാലക സംഘത്തിനു മുന്നിൽ നായാട്ടുകാർ അകപ്പെടുകയായിരുന്നു. ഉടൻ തന്നെ ഡൊമിനിക് ജോസഫ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ സുനിലിനു നേരെ തോക്കു ചൂണ്ടി. ഒപ്പമുണ്ടായിരുന്നവർ കല്ലെടുത്ത് വനപാലകരെ ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ തോക്ക് സാഹസികമായി പിടികൂടുകയായിരുന്നു. മറ്റു വനപാലകരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി. ഈ സമയം കൊണ്ട് ഒപ്പമുണ്ടായിരുന്ന മൂന്നു പേരും ഓടി രക്ഷപെട്ടു. ഇവരുടെ പക്കൽ വേറെ രണ്ട് തോക്കുകളുമുണ്ടായിരുന്നു. ഇതിലൊന്ന് നാടൻ തോക്കും രണ്ടാമത്തേത് രൂപമാറ്റം വരുത്തിൽ എയർ ഗണ്ണുമാണെന്നാണ് പ്രാഥമിക നിഗമനം.
പുറക്കയം സ്വദേശികളായ ചെറ്റയിൽ വീട്ടിൽ മാത്യു, കുത്തുകല്ലുങ്കൽ സൈജു, തങ്കമണി സ്വദേശി സനീഷ് എന്നിവരാണ് കൂടെ ഉണ്ടായിരുന്നതെന്ന് ഡൊമിനിക് മൊഴി നൽകിയിട്ടുണ്ട്. പിടികൂടിയ തോക്ക് മാത്യുവിൻറേതാണെന്നാണ് ഡൊമിനിക് വനപാലകരോട് പറഞ്ഞത്. ഇവർ സ്ഥിരമായി വനത്തിനുള്ളിൽ നിന്നും ചെറിയ വന്യമൃഗങ്ങളെ വേട്ടയാടുന്നവരാണെന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മാത്യുവാണ് സംഘത്തലവൻ. അറസ്റ്റിലായ ഡൊമിനിക് ജോസഫിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഓടി രക്ഷപെട്ടവർക്കായി വനംവകുപ്പ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Read More : 14 കാരിയും 19കാരനും തമ്മിലുള്ള പ്രണയം പുറത്തറിഞ്ഞു; കാമുകനെ വിളിച്ച് വരുത്തി കുത്തിക്കൊന്ന് 17-കാരനായ ബന്ധു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam