
ആലപ്പുഴ: ഒമ്പത് വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ ജില്ലാ പോക്സോ കോടതി ജഡ്ജി റോയി വർഗീസാണ് ശിക്ഷ വിധിച്ചത്. ആലപ്പുഴ ജില്ലയിൽ ആര്യാട് പഞ്ചായത്ത് 17-ാം വാർഡിൽ, തുമ്പോളി പി ഒ യിൽ മൂത്തേടത്ത് വീട്ടിൽ 'മൊട്ടാപ്പ' എന്ന് വിളിക്കുന്ന ക്ലെമന്റിനെയാണ് (59) പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം അഞ്ചു വർഷം തടവും 20,000 രൂപ പിഴയും, പോക്സോ നിയമം 12-ാം വകുപ്പ് പ്രകാരം രണ്ട് മാസം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി ഷെഫീക്ക് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായ സീമ, അബു എം എച്ച് എന്നിവർ ഹാജരായി. സീനിയർ സിവിൽ പൊലീസ് ഓഫിസര്‍ ജോർജ്, എ എസ്ഐ അജിമോൾ എന്നിവർ പ്രോസിക്യൂഷന് സഹായികളായി പ്രവർത്തിച്ചു. ശിക്ഷാവിധി കേട്ട് തലകറങ്ങി വീണ പ്രതിക്ക് നോർത്ത് പൊലീസ് ജില്ലാ ജനറൽ ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭ്യമാക്കി.