
മേപ്പാടി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരവും വഹിച്ച് പൊലീസും കോളനിവാസികളും ഉള്‍ക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട റിപ്പണ്‍ പരപ്പന്‍പാറ കോളനി മിനി(35)യുടെ മൃതദേഹമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മേപ്പാടിയില്‍ നിന്നുള്ള പൊലീസ് സംഘമെത്തി നിലമ്പൂര്‍ പോത്തുകല്ലില്‍ എത്തിച്ചത്. തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോഴാണ് മിനിക്കും ഭര്‍ത്താവ് സുരേഷിനും നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.
വിവരമറിഞ്ഞ് മേപ്പാടിയില്‍ നിന്നുള്ള പൊലീസ് സംഘം ഉള്‍ക്കാട്ടിലെത്തി ഗുരുതര പരിക്കേറ്റ സുരേഷിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശേഷം മിനിയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ശേഷം മൃതശരീരം ദുഷ്‌കരമായ വനപാതയിലൂടെ കിലോമീറ്ററുകളോളം ചുമന്ന് നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്തേക്ക് എത്തിച്ച ശേഷം അവിടെ നിന്നും ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുകയായിരുന്നു.
ചെങ്കുത്തായി കിടക്കുന്ന മലനിരകളിലൂടെ മൃതദേഹവുമായി തിരികെ കയറുന്നത് ദുഷ്‌കരമായ സാഹചര്യത്തിലാണ് നിലമ്പൂര്‍ വനമേഖലയിലെ പോത്തുകല്ല് ഭാഗത്തേക്ക് വനപാതയിലൂടെ കൊണ്ടുപോയത്. മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ സിജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അമ്പിളി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷമീര്‍, റഷീദ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam