
പാലക്കാട്: പഴക്കച്ചവടം നടത്തി ലാഭം നേടിത്തരാമെന്ന് വാഗ്ദാനം നൽകി കൂറ്റനാട്ടെ കച്ചവടക്കാരനിൽ നിന്നും മിനിലോറിയും ബൈക്കും തട്ടിയെടുത്ത കേസിലെ പ്രതി ചാലിശ്ശേരി പൊലീസിന്റെ പിടിയിലായി. തിരൂർ കൂട്ടായി സ്വദേശി വലിയ വീട്ടിൽ അബ്ദുൾ ജംഷീദ് 30 വയസ് ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്നും മിനിലോറി പൊലീസ് കണ്ടെടുത്തു. തട്ടിയെടുത്ത പൾസർ ബൈക്ക് പ്രതി ആക്രി വിലക്ക് പൊളിച്ച് വിറ്റതായും പൊലീസ് പറഞ്ഞു.
സംഭവം ഇങ്ങനെ
മാർച്ച് മാസത്തിലെ റംസാൻ നോമ്പ് കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൂറ്റനാട് തൃത്താല റോഡിൽ പ്രയാഗ സ്റ്റോപ്പിന് സമീപം ചായക്കട നടത്തിവരികയായിരുന്ന വയനാട് സ്വദേശി ഹംസയിൽ നിന്നുമാണ് ഇയാൾ രണ്ട് വാഹനങ്ങളും തട്ടിയെടുത്തത്. നോമ്പ് കാലത്ത് കച്ചവടം കുറഞ്ഞതോടെ ഹംസയുടെ മിനിലോറിയിൽ കുറഞ്ഞ വിലക്ക് പഴവർഗങ്ങൾ എടുത്ത് കച്ചവടം നടത്തി വലിയ ലാഭം നേടിത്തരാമെന്ന് പറഞ്ഞ് പ്രതി അബ്ദുൾ ജംഷിദ് ഹംസയെ സമീപിക്കുകയായിരുന്നു. പ്രതിയുടെ മോഹന വാഗ്ദാനങ്ങൾ അപ്പാടെ വിശ്വസിച്ച ഹംസ തന്റെ മിനിലോറി പ്രതിക്ക് പഴങ്ങൾ കച്ചവടം നടത്താൻ വിട്ടു നൽകി. മൂന്ന് ദിവസങ്ങൾക്ക് ശേഷം പഴക്കച്ചവടം നടത്തിയ പണം വിവിധ കടകളിൽ നിന്നും പിരിച്ചെടുക്കാൻ ബൈക്ക് നൽകണമെന്നാവശ്യപെട്ട് പ്രതി വീണ്ടും ഹംസയെ സമീപിച്ചു. തുടർന്ന് തന്റെ പൾസർ ബൈക്കും ഇയാൾ പ്രതിക്ക് വിട്ട് നൽകി.
എന്നാൽ പിന്നീട് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആവുകയും രണ്ട് വാഹനങ്ങളെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ ആവുകയുമായിരുന്നു. ചതി മനസിലാക്കിയ ഹംസ ചാലിശ്ശേരി പൊലീസിൽ പരാതി നൽകി. പ്രതിക്കായി ചാലിശ്ശേരി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ അബ്ദുൾ വഹാബ് മറ്റൊരു മോഷണക്കേസിൽ കഴിഞ്ഞ ദിവസം കല്ലടിക്കോട് പൊലീസിന്റെ പിടിയിലാവുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തട്ടിയെടുത്ത വാഹനങ്ങൾ ദൂരെ സ്ഥലങ്ങളിലെ റോഡരികുകളിൽ നിർത്തിയിട്ട് മുങ്ങുന്നതാണ് ഇയാളുടെ രീതി. പിന്നീട് മാസങ്ങൾക്ക് ശേഷം തിരിച്ചെത്തി നിർത്തിയിട്ട വാഹനം ആക്രി വിലക്ക് വിൽപ്പന നടത്തുകയും ചെയ്യും. പ്രതിയെ ചാലിശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം റിമാൻഡിൽ വിട്ടു.