
ആലപ്പുഴ: ആലപ്പുഴ പാതിരപ്പള്ളി പെട്രോൾ പമ്പിൽ യുവാവിന് ക്രൂര മർദ്ദനമേറ്റു. പൊലീസ് എന്ന വ്യാജേനയെയാണ് പ്രതി പമ്പിൽ വച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. വികസനം സ്വദേശി മുകേഷിനാണ് മർദനമേറ്റത്. അക്രമം നടത്തിയ കളപ്പുര സ്വദേശി ശ്രീരാഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പമ്പ് ജീവനക്കാരുമായുള്ള തർക്കത്തിനിടെ മുകേഷ് ഇടപെട്ടതാണ് മർദ്ദനത്തിന് കാരണമായത്. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം കൊച്ചിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ആലുവ പറവൂർ കവലയിലെ പെട്രോൾ പമ്പിലെ ജീവനക്കാരനെ ആക്രമിച്ച് കവർച്ച നടന്നു എന്നതാണ്. പമ്പിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജീവനക്കാരെ അക്രമിച്ച് പണം തട്ടിയതായാണ് പരാതി. പറവൂർ കവലയിലെ സെറ്റിൽമെന്റ് സ്കൂളിന് സമീപം രാത്രിയിലെത്തിയ കവർച്ചാ സംഘം പണം കവർന്നെന്നാണ് പരാതി. 29,000 രൂപയാണ് നഷ്ടപ്പെട്ടത്. കവർച്ചാ ശ്രമം തടയുന്നതിനിടെ പെട്രോൾ പമ്പ് ജീവനക്കാർക്ക് പരിക്കേറ്റു. നാലംഗ സംഘമാണ് അക്രമിച്ച് പണം തട്ടിയെടുത്തതെന്ന് ജീവനക്കാർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നേരത്തെ കുന്നംകുളം പാറേമ്പാടത്ത് പെട്രോൾ പമ്പിലും കവർച്ച നടന്നതിന്‍റെ വാർത്ത പുറത്ത് വന്നിരുന്നു. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് കുന്നകുളം പമ്പിലെ മേശയിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപ കവർന്ന് രക്ഷപ്പെട്ടത്. പമ്പിലെത്തി പെട്രോളടിച്ച ശേഷവും പോകാതെ നിന്ന സംഘം ജീവനക്കാർ മറ്റൊരു വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ തിരിഞ്ഞപ്പോളാണ് പണം കവർന്നത്. തിരികെയെത്തി പണം നഷ്ടപ്പെട്ടത് മനസ്സിലാക്കി ജീവനക്കാർ ഇവരോട് ചോദിച്ചെങ്കിലും കവർച്ച സംഘം പെട്ടന്ന് ബൈക്കെടുത്ത് കടന്നു കളയുകയായിരുന്നു.ജീവനക്കാർ പിന്തുടർന്നെങ്കിലും പിടികൂടാനായിരുന്നില്ല. മോഷണ ദൃശ്യങ്ങൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കൊച്ചിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയെടുത്തു; നാലംഗ സംഘം കവർന്നത് 29,000 രൂപ