കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; 3 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

By Web TeamFirst Published Aug 11, 2021, 8:31 PM IST
Highlights

ദേശീയ പാതയോരത്ത് ലോറി നിർത്തിയിട്ട് വിശ്രമിക്കവെ ആട്ടോയിലും ബൈക്കിലുമായെത്തിയ സംഘമാണ് ഷിബിനെ മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ചത്

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ തട്ടികൊണ്ടു പോയി കൊല്ലാൻ  ശ്രമിച്ച കേസ്സിലെ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായി. പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളുടെ പേരിലായിരുന്നു ലോറി ഡ്രൈവറായ യുവാവിനു നേരെ വധശ്രമം ഉണ്ടായത്. കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശി അഫ്സൽ, അമ്പതേക്കർ സ്വദേശി താഹ താഹക്കുട്ടി, നെല്ലിമൂട് സ്വദേശി സുഫിയാൻ എന്നിവരാണ് പിടിയാലായത്.

കഴിഞ്ഞ ജൂൺ 24-ന് പുലർച്ചെ ഇത്തിക്കരയിൽ വച്ചായിരുന്നു ലോറി ഡ്രൈവർക്ക് നേരെ ആക്രമണം നടന്നത്. കണ്ണൂരിൽ നിന്നും ചെങ്കല്ലും കയറ്റിവന്ന ലോറിയിലെ ഡ്രൈവർ കുളത്തുപ്പുഴ നെല്ലിമുട് സ്വദേശിയും ഡിവൈഎഫ്ഐ പ്രാദേശിക നേതാവുമായ ഷിബിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇത്തിക്കരയിൽ ദേശീയ പാതയോരത്ത് ലോറി നിർത്തിയിട്ട് വിശ്രമിക്കവെ ആട്ടോയിലും ബൈക്കിലുമായെത്തിയ സംഘമാണ് ഷിബിനെ മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ചത്. അവശനായ ഷിബിനെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും ദേശീയ പാതയിലൂടെ മറ്റ് വാഹനങ്ങൾ വന്നു കൊണ്ടിരുന്നതിനാൽ ഷിബിൻ രക്ഷപ്പെടുകയായിരുന്നു.

കുളത്തുപ്പുഴയിൽ മുമ്പ് നടന്ന ഡിവൈഎഫ് ഐ - എസ് ഡി പി ഐ സംഘട്ടത്തിന്‍റെ ഭാഗമായാണ് ഷിബിന് നേരെ നടന്ന ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഷിബിൻ കണ്ണൂരിൽ നിന്നും ലോറി എടുത്തപ്പോൾ മുതൽ ലോറിയിലെ സഹായിയെ വിളിച്ച് വഴി മനസ്സിലാക്കി കൊണ്ടിരുന്നയാളാണ് അഫ്സൽ. കഴിഞ്ഞാഴ്ച പുലർച്ചേ അഫ്സലിന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ഒളിവിലായിരുന്നതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അഞ്ചൽ ഭാഗത്തു നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോണും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍

click me!