ബോട്ടിന്റെ എന്‍ജിന്‍ മോഷ്ടിച്ചയാളെ പിടികൂടി

By Web TeamFirst Published Jun 1, 2021, 3:09 PM IST
Highlights

ബേപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തീരദേശത്ത് തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധ സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
 

കോഴിക്കോട്: ചാലിയത്തുനിന്ന് ഒന്നരലക്ഷം രൂപ വിലയുള്ള മത്സ്യബന്ധന ബോട്ടിന്റെ എന്‍ജിന്‍ മോഷ്ടിച്ചയാളെ ബേപ്പൂര്‍ പൊലീസ് പിടികൂടി. മലപ്പുറം അരിയല്ലൂര്‍ സ്വദേശിയായ കൊങ്ങന്റെപുരക്കല്‍ സലാമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ചാലിയത്ത് അല്‍ബുഹാരി എന്ന മത്സ്യബന്ധന ബോട്ടില്‍ നിന്നാണ് യമഹ 9.9 എച്ച് പി എന്‍ജിന്‍ മോഷണം പോയത്. 

ബേപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തീരദേശത്ത് തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധ സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സമീപ റോഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതികള്‍ റോഡ് വഴി അല്ല കടല്‍മാര്‍ഗം വന്നവരാണെന്ന് പൊലീസിന് വ്യക്തമായി.

തുടര്‍ന്ന് ബോട്ടുകളുടെ യന്ത്രസാമഗ്രികള്‍ വില്‍പന നടത്തുന്നവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിലൂടെ മലപ്പുറം അരിയല്ലൂര്‍ സ്വദേശിയായ കൊങ്ങന്റെപുരക്കല്‍ സലാമും സംഘവുമാണ് മോഷണം നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബോട്ട് വാങ്ങാനെന്ന വ്യാജേന സലാമിനെ സമീപിച്ചപ്പോള്‍ മോഷ്ടിച്ച എന്‍ജിന്‍ സ്വന്തം ബോട്ടില്‍ ഘടിപ്പിച്ച് മറിച്ച് വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു സലാം. മറ്റൊരു എന്‍ജിന്‍ ഘടിപ്പിച്ച തോണിയിലാണ് മോഷണത്തിന് ചാലിയത്ത് വന്നതെന്നും കൂടെ മറ്റൊരാള്‍ കൂടി സഹായത്തിനായുണ്ടായിരുന്നെന്നും പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി. 

കൂട്ടുപ്രതിക്കായുള്ള അന്വേഷണം ബേപ്പൂര്‍ പൊലീസ് ഊര്‍ജിതമാക്കി. ഇന്‍സ്‌പെക്ടര്‍ പ്രമോദിനോടൊപ്പം എസ്‌ഐ സതീഷ്‌കുമാര്‍ എഎസ്‌ഐ അരുണ്‍കുമാര്‍ സിപിഒമാരായ സരീഷ് പെരുമ്പുഴക്കാട്, ഐടി വിനോദ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!