സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പുകളോടെ ഇൻസ്റ്റഗ്രാമിലിട്ടു; വിദ്യാർത്ഥിക്കെതിരെ കേസ്, പിന്നാലെ സസ്പെൻഷൻ

Published : Feb 21, 2025, 10:36 PM IST
സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പുകളോടെ ഇൻസ്റ്റഗ്രാമിലിട്ടു; വിദ്യാർത്ഥിക്കെതിരെ കേസ്, പിന്നാലെ സസ്പെൻഷൻ

Synopsis

പാലക്കാട് എഞ്ചിനീയറിങ്ങ് കോളേജ് നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി യദു എസിനെതിരെയാണ് ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തത്.

പാലക്കാട്: സഹപാഠികളായ പെൺകുട്ടികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പുകളോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സംഭവത്തിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് എഞ്ചിനീയറിങ്ങ് കോളേജ് നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി യദു എസിനെതിരെയാണ് ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ യദുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്ന് കോളേജ് അധികൃതർ അറിയിച്ചു.

കോളേജിൽ നിന്നും സൗഹൃദം സ്ഥാപിച്ച് പെൺകുട്ടികൾക്കൊപ്പം നിന്ന് ഫോട്ടോയെടുക്കും. പിന്നീട് ഈ ഫോട്ടോ ക്രോപ്പ് ചെയ്ത് അശ്ലീല അടിക്കുറിപ്പുകളോടെ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി പോസ്റ്റ് ചെയ്യും. ഫോട്ടോ കണ്ട് അന്വേഷിച്ചെത്തുന്നവരോട് പെൺകുട്ടിയെ കുറിച്ച് മോശമായി സംസാരിക്കും. ഇതായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറയുന്നു. സമൂഹ മാധ്യമങ്ങളിൽ ചിത്രം ശ്രദ്ധയിൽപ്പെട്ട മറ്റു കോളജുകളിലെ വിദ്യാർത്ഥികളാണ് പെൺകുട്ടികളെ ഇക്കാര്യമറിയിച്ചത്. സ്വന്തം ഫോട്ടോകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് അറിഞ്ഞതോടെ വിദ്യാർത്ഥിനികൾ കോളേജ് അധികൃതർക്ക് പരാതി നൽകി. ആരോപണ വിധേയനായ യദുവിൻ്റെ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇതോടെ വിദ്യാർത്ഥികൾ നൽകിയ പരാതി ശ്രീകൃഷ്ണപുരം പൊലീസിന് കൈമാറി. 

കോളേജിലെത്തി യദുവിൻ്റെ ഫോൺ, ലാപ്ടോപ് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. 20 ലേറെ വിദ്യാർത്ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രതിക്കെതിരെ ആദ്യം ദുർബല വകുപ്പുകൾ ചുമത്തിയ പൊലീസ് പരാതിക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഐ ടി ആക്ട് പ്രകാരം ജാമ്യമില്ലാവകുപ്പ് കൂടി ചേർക്കുകയായിരുന്നു. അതേസമയം കേസെടുത്തെങ്കിലും പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് വിദ്യാർത്ഥികളുടേയും കോളേജ് അധികൃതരുടേയും ആരോപണം. ഇതിനുപിന്നിൽ ബാഹ്യഇടപെടലുകളുണ്ടോയെന്ന് സംശയിക്കുന്നതായും ഇവർ പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
വിചാരണക്കോടതിക്കെതിരെ അതിജീവിതയുടെ കുറിപ്പ് ച‍ർച്ചയാവുന്നതിനിടെ പൾസർ സുനിയെ അധോലോക നായകനാക്കിയുളള റീലുകൾ വൈറൽ