
കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങൾ (Covid Protocol) ലംഘിച്ച് റോഡ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത പയ്യോളി നഗരസഭ ചെയർമാനെതിരെ കേസ്. പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷെഫീഖിനെതിരെയാണ് പയ്യോളി പൊലീസ് കേസെടുത്തത് പരിപാടിയിൽ പങ്കെടുത്ത വാർഡ് കൗൺസിലർ സിജിന മോഹനനെതിരേയും കേസെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ നടന്ന ഡിവിഷൻ 15 ലെ കീഴൂർ റോഡ്- കളത്തിൽമുക്ക് റോഡിൻറെ ഉദ്ഘാടനത്തിലാണ് കൊവിഡ് ചട്ടലംഘനം നടന്നെന്നാണ് പരാതി.
ലോക്ക്ഡൌണിനു സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കേണ്ടവര്‍തന്നെ കൊവിഡ് നിയന്ത്രണം ലംഘിച്ചത് ചോദ്യം ചെയ്താണ് പൊലീസില്‍ പരാതിയെത്തിയത്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
ഇന്ന് സംസ്ഥാനത്ത് 51,570 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂര്‍ 1976, ഇടുക്കി 1565, വയനാട് 1338, കാസര്‍ഗോഡ് 769 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി കൊവിഡ് കേസുകള്‍ 50,000ന് മുകളിലാണ്.