
തിരുവനന്തപുരം : ബാലരാമപുരം കല്യാണവീട്ടിലുണ്ടായ കൂട്ടത്തല്ലിൽ പൊലീസ് കേസെടുത്തു. അഭിജിത്ത്, സന്ദീപ്, രാഹുൽ , വിവേക്, കുട്ടൂസൻ, മറ്റ് കണ്ടാലറിയാവുന്ന 15 പേർ എന്നിവർക്കെതിരെയാണ് വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്.
ഇന്നലെ രാത്രി എട്ട് മണിയോടെ ബാലരാമപുരം സെന്‍റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിലെ വിവാഹ സൽക്കാരത്തിലായിരുന്നു കൂട്ടത്തല്ലുണ്ടായത്. വധുവിന്‍റെ അച്ഛൻ അനിൽകുമാറിന്‍റെ അയൽക്കാരനാണ് ആക്രമണം നടത്തിയ അഭിജിത്ത്. അഭിജിത്തും അനിൽകുമാറിന്‍റെ മകൻ അഖിലുമായി ഒരുമാസം മുമ്പ് തില തർക്കങ്ങളുണ്ടായിരുന്നു. മകളുടെ കല്യാണം കുളമാക്കുമെന്ന് അന്ന് തന്നെ അഭിജിത്ത് ഭീഷണി മുഴക്കി. വിഷയം ഒത്തുതീര്‍പ്പായെന്ന പ്രതീക്ഷയിലിരിക്കെയാണ് ഇന്നലെ രാത്രി ഓഡിറ്റോറിയത്തിലെത്തിയ അഭിജിത്ത് അനിൽകുമാറുമായി വാക്കേറ്റവും കൂട്ട ആക്രമണവും നടത്തിയത്. അയൽക്കാരനായിട്ടും കല്യാണം വിളിച്ചില്ലെന്നും പറഞ്ഞ് 200 രൂപ വിവാഹസമ്മാനമായി അഭിജിത്ത് നീട്ടുകയും ചെയ്തു. ഇത് സ്വീകരിക്കാൻ അനിൽകുമാര്‍ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് ഓഡിറ്റോറിയത്തിന് പുറത്തേക്ക് പോയ അഭിജിത് കൂട്ടാളികളുമായെത്തി ആക്രമണം നടത്തിയത്. ആക്രമണത്തിൽ വധുവിന്‍റെ അച്ഛനും സഹോദരനും ബന്ധുക്കളും ഉൾപ്പെടെ 20 പേര്‍ക്ക് പരിക്കേറ്റു. പൊലീസുകാര്‍ക്കൊപ്പം പള്ളി വികാരിയും എത്തി ഏറെ പണിപ്പെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. പൊലീസ് സംരക്ഷണയിലാണ് ഇന്ന് കല്യാണം നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam