റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വീടിന് സമീപം മദ്യവില്‍പന നടത്തുന്നെന്ന് ആരോപണം; പൊലീസിന്റെ മിന്നല്‍ പരിശോധന

Published : Oct 02, 2023, 05:41 PM IST
റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വീടിന് സമീപം മദ്യവില്‍പന നടത്തുന്നെന്ന് ആരോപണം; പൊലീസിന്റെ മിന്നല്‍ പരിശോധന

Synopsis

കൊങ്ങന്നൂർ എ.എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന ശിവദാസനെക്കുറിച്ചാണ് പൊലീസിന് രഹസ്യ വിവരം കിട്ടിയത്. മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ തൊണ്ടി സഹിതം പിടിയിലായത് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍.

കോഴിക്കോട്: വീടിന് സമീപം അനധികൃതമായി മദ്യം വിൽപ്പന നടത്തിയ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ റിമാന്റിൽ. കൊങ്ങന്നൂർ ശിവഗംഗ വീട്ടിൽ വി.വി ശിവദാസനെയാണ് അത്തോളി പോലീസ് പിടികൂടിയത്. സാമൂഹിക ക്ഷേമ വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് ഇയാള്‍

ഗ്രാമ പഞ്ചായത്ത് കേന്ദ്രീകരിച്ച് ഞായറാഴ്ച നടത്തിയ സ്‍പെഷ്യൽ റെയിഡിൽ വൈകുന്നേരമാണ് കൊങ്ങന്നൂർ എ.എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന ശിവദാസനെ വീടിന് സമീപത്ത് നിന്നും  പോലീസ് സംഘം തൊണ്ടി സഹിതം കസ്റ്റഡിയിലെടുത്തത്. പൊലീസ് ഇൻസ്പെക്ടർ ടി.എസ് ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ആർ.രാജീവ്, കെ.പി ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ഒ അനൂപ്, സിവിൽ പോലീസ് ഓഫീസർ  കെ.എം അജീഷ്, കെ.എച്ച്.ജി രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ്  പിടികൂടിയത്.

അബ്കാരി ആക്ട് 55 ഐ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വൈകുന്നേരം ബാലുശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം രാത്രിയോടെ പേരാമ്പ്ര മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി. തുടർന്ന് റിമാന്‍ഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്ക് അയക്കുകയായിരുന്നു. പ്രതിയെക്കുറിച്ച് നേരത്തെയും പരാതി ഉണ്ടായിരുന്നതായി പോലീസ് ഇൻസ്‍പെക്ടർ ടി.എസ് ശ്രീജിത്ത് പറഞ്ഞു. വരും ദിവസങ്ങളിലും സമാന രീതിയിൽ മിന്നൽ പരിശോധന ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

Read also: ലാപ്ടോപ്പും മൊബൈലും ചാര്‍ജ് ചെയ്തു, പത്രങ്ങ‌ൾ വാങ്ങി മടങ്ങി; തലപ്പുഴയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി

മറ്റൊരു സംഭവത്തില്‍ കൊടുങ്ങല്ലൂരിലെ അനധികൃത മദ്യ വിൽപ്പന കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയിരുന്നു. അഴീക്കോട് കപ്പൽ ബസാറിൽ നിന്ന് അനധികൃതമായി വിൽപ്പനയ്ക്കായി സൂക്ഷിച്ച 35 കുപ്പി വിദേശ മദ്യവും പ്രതിയെയുമാണ് എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്. അഴീക്കോട് കപ്പൽ ബസാറിൽ കുന്തനേഴത്ത്  വീട്ടിൽ ജിജേഷിനെയാണ് (38 ) കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം ഷാംനാഥും  സംഘവും അറസ്റ്റ് ചെയ്‌തത്.

ഒന്നാം തീയതിയും രണ്ടാം തീയതി ഗാന്ധി ജയന്തി ദിനവും ആയതിനാല്‍ ഡ്രൈഡേ പ്രമാണിച്ച് മദ്യ ഷാപ്പുകൾക്കുള്ള അവധി  മുന്നിൽ കണ്ടാണ് ഇന്നലെ മദ്യം സ്റ്റോക്ക് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എക്‌സൈസ് സംഘത്തിൽ ഉദ്യോഗസ്ഥരായ പി ആർ സുനിൽകുമാർ, സി വി ശിവൻ, പി കെ സജികുമാർ, ടി കെ അബ്‍ദുള്‍ നിയാസ്, എസ് അഫ്സൽ, ചിഞ്ചു പോൾ, ലിസ തസ്‌നീം, ഇ ജി സുമി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു