വയനാട്ടില്‍ വ്യാജ വാറ്റ് വേട്ട: പത്ത് ലിറ്റര്‍ ചാരായവും 430 ലിറ്റര്‍ വാഷും പിടികൂടി, മൂന്ന് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Sep 15, 2019, 9:28 AM IST
Highlights

രണ്ട് ബാരലും വാറ്റിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കല്‍പ്പറ്റ: മാനന്തവാടി മേഖലയില്‍ എക്‌സൈസിന്റെ വന്‍ വ്യാജവാറ്റ് വേട്ട. കാട്ടി മൂല, വെണ്‍മണി വാളാട് ടൗണ്‍, മേലേ വരയാല്‍ എന്നിവിടങ്ങളിലായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ പത്ത് ലിറ്റര്‍ ചാരായവും 430 ലിറ്റര്‍ വാഷും പിടികൂടി. രണ്ട് സംഭവങ്ങളിലായി മൂന്ന് പേര്‍ അറസ്റ്റിലായി.

വാളാട് എടത്തന കരയോത്തിങ്കല്‍ ബാലചന്ദ്രന്‍  (51) ആലക്കല്‍ പുത്തന്‍മിറ്റം വെള്ളന്‍ എന്ന സതീഷ് (30), ഉക്കിടി രാജന്‍ (29) എന്നിവരാണ് പിടിയിലായത്. ബാലചന്ദ്രനില്‍ നിന്നാണ് അഞ്ച് ലിറ്റര്‍ ചാരായവും 430 ലിറ്റര്‍ വാഷും പിടിച്ചെടുത്തത്. ആവശ്യക്കാരെന്ന വ്യാജേനെയാണ് എക്‌സൈസ് സംഘം ഇയാളെ സമീപിച്ചത്. രണ്ട് ബാരലും വാറ്റിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

സതീഷ്, രാജന്‍ എന്നിവരില്‍ നിന്ന് അഞ്ച് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദീന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ. അജയകുമാര്‍, പി. വിജേഷ് കുമാര്‍, കെ.എം. അഖില്‍, രാജേഷ്, പി. വിപിന്‍ എന്നിവരാണ് പരിശോധന നടത്തിയത്.

click me!