
കാളികാവ്: ഭർത്താവ് സംരക്ഷിക്കുന്നില്ലെന്ന് പരാതി പറയാനെത്തിയ ആദിവാസി വീട്ടമ്മക്കും മക്കൾക്കും കുടുംബത്തിലെ പ്രശ്‌ന പരിഹാരത്തിനൊപ്പം പൊലീസിന്‍റെ വക കോഴി ബിരിയാണിയും കൈനിറയെ സമ്മാനങ്ങളും. ചോക്കാട് നാൽപ്പത് സെന്‍റ് കോളനിയിലെ ആതിരക്കും മക്കൾക്കുമാണ് കാളികാവിലെ ജനകീയ പൊലീസിന്‍റെ സ്‌നേഹ സമ്മാനവും ഭക്ഷണവും ലഭിച്ചത്.
അഞ്ച് കുട്ടികളുടെ മാതാവും ഗർഭിണിയുമായ ആതിര കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പരാതിയുമായി അഞ്ചുമക്കൾക്കുമൊപ്പം കാളികാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി കേട്ട പൊലീസ് ഭർത്താവ് രാജനേയും വിളിപ്പിച്ചു. എസ്ഐ സികെ നൗഷാദ് രാജനുമായും ആതിരയുമായും സംസാരിച്ച് കുടുംബ പ്രശ്നത്തിൽ രമ്യതയുണ്ടാക്കി.
പ്രശ്നപരിഹാരം കണ്ടപ്പോഴേക്കും സമയം ഉച്ചകഴിഞ്ഞു. കുട്ടികൾക്ക് വിശന്ന് തുടങ്ങി. ഇതോടെ കുട്ടികള്‍ക്ക് പൊലീസുകാര്‍ ബിരിയാണി വാങ്ങിക്കൊടുക്കുകയായിരുന്നു. ബിരിയാണിപ്പൊതി കിട്ടിയതോടെ എല്ലാവരും ഏറെ സന്തോഷത്തിലായി. കൂടാതെ കുട്ടികളുടെ പഠനത്തിന് പൊലീസുകാർ സ്വരൂപിച്ച പണം കൊണ്ട് നോട്ട് പുസ്തകങ്ങളും പേനയും വാങ്ങി നൽകുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam