പൊലീസില്‍ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയത്ന പരിപാടി: 73 ശതമാനം ഫയലുകളും തീര്‍പ്പാക്കി

By Web TeamFirst Published Nov 16, 2019, 5:02 PM IST
Highlights

കേരളത്തിലെ എല്ലാ ഓഫീസുകളിലുമായി കഴിഞ്ഞ ജൂലൈ 31 ലെ കണക്കനുസരിച്ച് 2,64,638 ഫയലുകള്‍ ഉണ്ടായിരുന്നതില്‍ 1,94,123 ഫയലുകളിലും തീരുമാനമായി. പൊലീസ് ആസ്ഥാനത്ത് ഇക്കാലയളവില്‍ 46,521 ഫയലുകളില്‍ 26,296 എണ്ണത്തില്‍ തീരുമാനമായി

തിരുവനന്തപുരം: പൊലീസിന്‍റെ കീഴിലുള്ള വിവിധ ഓഫീസുകളില്‍ നടത്തിയ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ 73 ശതമാനം ഫയലുകളിലും തീര്‍പ്പ് കല്‍പ്പിച്ചു. ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയത്ന പരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി. ഇതനുസരിച്ച് പൊലീസിന്‍റെ വിവിധ ഓഫീസുകളില്‍ ഫയലുകള്‍ തീര്‍പ്പാക്കുന്നത് ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫീസറായി പൊലീസ് ആസ്ഥാനത്തെ ഐ ജി പി വിജയനെ നിയോഗിച്ചിരുന്നു. ഐ ജിയുടെ നേതൃത്വത്തില്‍ വകുപ്പിലെ ജീവനക്കാരെല്ലാം ചേര്‍ന്ന് തീവ്രയത്നം നടപ്പാക്കുകയായിരുന്നു.

കേരളത്തിലെ എല്ലാ ഓഫീസുകളിലുമായി കഴിഞ്ഞ ജൂലൈ 31 ലെ കണക്കനുസരിച്ച് 2,64,638 ഫയലുകള്‍ ഉണ്ടായിരുന്നതില്‍ 1,94,123 ഫയലുകളിലും തീരുമാനമായി. പൊലീസ് ആസ്ഥാനത്ത് ഇക്കാലയളവില്‍ 46,521 ഫയലുകളില്‍ 26,296 എണ്ണത്തില്‍ തീരുമാനമായി.

ജൂലൈ 31 വരെയുള്ള ഫയലുകളാണ് തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും അതിനുശേഷം ആരംഭിച്ച ഫയലുകളില്‍ പോലും 58 ശതമാനം തീര്‍പ്പാക്കാന്‍ പൊലീസ് വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാര്‍ അറിയിച്ചു.

click me!