
തൃശ്ശൂർ: കൊവിഡ് പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ തന്നെയാണ് പൊലീസുകാർ. രാപ്പകൽ വ്യത്യാസമില്ലാതെ ജനങ്ങളുടെ നന്മക്കായി അഹോരാത്രം പ്രയത്നിക്കുകയാണ് ഇവർ. പലപ്പോഴും സ്വന്തം വീടുകളിലെ കാര്യങ്ങൾ മാറ്റിവച്ചാണ് അവർ നിരത്തിലിറങ്ങുന്നത്. അത്തരത്തിലൊരു വാർത്തയാണ് തൃശ്ശൂർ ജില്ലയിൽ നിന്ന് വരുന്നത്.
തന്റെ ഇരട്ടക്കുട്ടികളുടെ പിറന്നാളാഘോഷം പൊലീസുകാരൻ ആഘോഷിച്ചത് റോഡരികിൽ വച്ച് കേക്ക് മുറിച്ചാണ്. തൃശ്ശൂർ പേരാമംഗലം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഉൺമേഷിന്റെ ഇരട്ടക്കുട്ടികളുടെ പിറന്നാളായിരുന്നു ചൊവ്വാഴ്ച. കൊറോണ പ്രതിരോധ ഡ്യൂട്ടികളുള്ളതിനാൽ കൊല്ലം സ്വദേശിയായ ഉൺമേഷിന് നാട്ടിലേക്ക് പോകാനും കുട്ടികളെ കാണാനും സാധിച്ചില്ല.
ഇത് മനസ്സിലാക്കിയ പേരാമംഗലം സർക്കിൾ ഇൻസ്പെക്ടർ രാജേഷ് കെ. മേനോൻ, പുഴയ്ക്കൽ ശോഭാ സിറ്റിക്ക് സമീപം വാഹനപരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉൺമേഷിന്റെ അടുത്തെത്തി അവിടെ വച്ചുതന്നെ ആഘോഷം നത്താൻ താത്‌പര്യം പ്രകടിപ്പിക്കുകയുമായിരുന്നു.
പിന്നാലെ ഭാര്യയേയും കുട്ടികളേയും വീഡിയോകോളിൽ വിളിച്ച് റോഡരികിൽത്തന്നെ സഹപ്രവർത്തകർക്ക് കേക്ക് മുറിച്ചുനൽകി പിറന്നാളാഘോഷിച്ചു. ഈ വേറിട്ട പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ സിറ്റി പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലുടെ പുറത്തുവിട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam