കഞ്ചാവ് കേസിലെ പ്രതിക്ക് എസ്ഐയുടെ വക സഹായധനം; കൈയ്യോടെ പിടിച്ച് വനിത പൊലീസ്

By Web TeamFirst Published Oct 1, 2021, 8:06 AM IST
Highlights

 18.7 കിലോഗ്രാം കഞ്ചാവുമായി ലീനയെയും സുഹൃത്ത് പാലക്കാട് സ്വദേശിയായ സനലിനേയും (34)  കുന്ദമംഗലം ടൗണിൽ വെച്ച് ഓഗസ്റ്റ് 30 ന് രാവിലെ 6.30 ഓടെയാണ് പോലീസും ഫ്ലയിംഗ് സ്ക്വാഡായ ഡാൻസാഫും ചേർന്ന് പിടികൂടുന്നത്. 
 

കോഴിക്കോട് : കഞ്ചാവ് കേസിലെ പ്രതിയ്ക്ക് കോഴിക്കോട് സിറ്റിയിലെ എസ്.ഐയുടെ വക ധനസഹായം. ബ്യൂട്ടീഷനായ പ്രതി തൃശ്ശൂർ മുല്ലശേരി സ്വദേശി ലീന (43) ക്കാണ് കോഴിക്കോട് സിറ്റി പോലീസിലെ എസ്ഐ 500 രൂപ സഹായധനം നൽകിയത്. 18.7 കിലോഗ്രാം കഞ്ചാവുമായി ലീനയെയും സുഹൃത്ത് പാലക്കാട് സ്വദേശിയായ സനലിനേയും (34)  കുന്ദമംഗലം ടൗണിൽ വെച്ച് ഓഗസ്റ്റ് 30 ന് രാവിലെ 6.30 ഓടെയാണ് പോലീസും ഫ്ലയിംഗ് സ്ക്വാഡായ ഡാൻസാഫും ചേർന്ന് പിടികൂടുന്നത്. 

കോഴിക്കോട് നിന്നും വയനാട്ടിലേക്ക് കഞ്ചാവ് വിൽപ്പനയ്ക്ക് കൊണ്ടു പോവുകയായിരുന്നു ഇവർ. ഒന്നര മാസമായി ഇരുവരും ചേവരമ്പലത്ത് വാടകയ്ക്ക് താമസിച്ചായിരുന്നു ബിസിനസ്. ലീനയ്ക്ക്  കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി കുന്ദമംഗലം പോലീസ് കസ്റ്റഡിയിൽ  വാങ്ങി ചോദ്യം ചെയ്തിരുന്നു. 

ചോദ്യം ചെയ്യൽ കഴിഞ്ഞ് ജയിലിൽ തിരികെയെത്തിക്കുന്നതിന്‍റെ മുൻ പായുള്ള ദേഹ പരിശോധനയിലാണ് ലീനയിൽ നിന്നും അഞ്ഞൂറ് രൂപയുടെ കറൻസി കണ്ടെത്തിയത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പണം എസ്.ഐ. നൽകിയതാണെന്ന് ലീന വെളിപ്പെടുത്തിയത്. ജയിലിൽ നിന്നിറങ്ങിയശേഷം തിരിച്ചു നൽകിയാൽ മതിയെന്ന്  പറഞ്ഞാണ് എസ്ഐ പണം നൽകിയതെന്നും ലീന വനിതാ പോലീസിനു മൊഴി നൽകി.  

ഇക്കാര്യങ്ങളെല്ലാം വനിതാ പോലീസ് സ്റ്റേഷനിൽ റിക്കാർഡായി രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 18നാണ് ഈ സംഭവം നടന്നത്. സംഭവം സ്പെഷൽ ബ്രാഞ്ച് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തതോടെ കോഴിക്കോട് സിറ്റി പോലീസ് ചീഫ് എ.വി. ജോർജ് അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. മെഡിക്കൽ കോളജ് അസി.കമ്മീഷണർ കെ.സു ദർശനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി കുന്ദമംഗലം പോലീസ് , വനിത പോലീസ് തുടങ്ങിയവരുടെ മൊഴിയെടുത്തു.  ആരോപണ വിധേയനായ എസ്.ഐ മുൻപ് നടപടി നേരിട്ട ആളാണ്. 

click me!