എലിവിഷം അബദ്ധത്തിൽ തെറിച്ച് വെള്ളം കുടിക്കുന്ന ഗ്ലാസിൽ വീഴുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ശോഭന ആ ഗ്ലാസിൽ നിന്നും വെള്ളം കുടിച്ചു. പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
കാസർകോട് : എലിക്കു വിഷം വയ്ക്കുന്നതിനിടെ കുപ്പിയിൽ നിന്നും വിഷം ഗ്ലാസിൽ തെറിച്ചത് അറിയാതെ വെള്ളം കുടിച്ച വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ ബി.പി.ശോഭന (53) മരിച്ചത്. എലിവിഷം അബദ്ധത്തിൽ തെറിച്ച് വെള്ളം കുടിക്കുന്ന ഗ്ലാസിൽ വീഴുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ശോഭന ആ ഗ്ലാസിൽ നിന്നും വെള്ളം കുടിച്ചു. പിന്നാലെ ശോഭനയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലും പിന്നീട് കണ്ണൂരിലും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. നില വഷളായത്തോടെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ശോഭനയുടെ വീട്ടിൽ എലി ശല്യം രൂക്ഷമായിരുന്നു. ഇതിനെ തുരത്താനാണ് എലിവിഷം വെച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവ് സജീവൻ. മക്കൾ: സനീഷ്, സചിത്ര. മരുമക്കൾ: ശാന്തി, സനീഷ്. സംഭവത്തിൽ രാജപുരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തിട്ടുണ്ട്. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.


