
മേഘാലയ: മേഘാലയയിലെ ഹണിമൂൺ കൊലപാതകം പുനരാവിഷ്കരിച്ച് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം. രാജാ രഘുവൻഷിയെ കൊലപ്പെടുത്തിയ സൊഹ്റയിലെ മലമുകളിൽ പ്രതികളെ എത്തിച്ച് കൊലപാതകം നടന്ന ദിവസത്തെ സംഭവവികാസങ്ങൾ പുനരാവിഷ്കരിച്ചു. കൊല നടന്ന സമയം സോനം സ്ഥലത്ത് ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു.
മെയ് 23ന് രാജാ രഘുവൻഷിയെ കൊലപ്പെടുത്തിയ സൊഹ്റ മലമുകളിലാണ് പ്രത്യേക അന്വേഷണസംഘം പ്രതികളുമായി എത്തിയത്. കൊല നടന്ന ദിവസത്തെ സംഭവങ്ങൾ സംഘം പുനരാവിഷ്കരിച്ചു. ഷില്ലോങ്ങിൽ ചുറ്റി കറങ്ങാൻ വാടകയ്ക്ക് എടുത്ത സ്കൂട്ടർ പാർക്ക് ചെയ്ത് സ്ഥലത്താണ് ആദ്യം അന്വേഷണസംഘം എത്തിയത്. പിന്നീട് ഇരുവരും ട്രക്കിംഗ് നടത്തി എത്തിയ വ്യൂ പോയിന്റിലേക്ക് അന്വേഷണസംഘം പ്രതികളുമായി എത്തി. ഇവിടെ വെച്ചാണ് കൊലപാതകം നടത്തിയത്.
കൊലപാതകം നടത്താൻ രാജ് കുശ്വഹ ഏർപ്പെടുത്തിയ മൂന്നുപേരിൽ വിശാലാണ് ആദ്യം രാജാ രഘുവൻഷിയോടെ തലയ്ക്കടിക്കുന്നത്. പിന്നീട് ആനന്ദും ആകാശും രാജാ രഘുവൻഷിയെ ആക്രമിച്ചു. മരണം ഉറപ്പായ ശേഷം മൃതദേഹം കൊക്കയിലേക്ക് എറിഞ്ഞു. കൊല നടക്കുന്ന സമയത്ത് സോനം തൊട്ടടുത്തു തന്നെയുണ്ടായിരുന്നു. പിന്നീട് ഭർത്താവിന്റെ മൊബൈൽ ഫോൺ സോനം തന്നെ നശിപ്പിച്ചു.
സോനം കൊലപാതകത്തിൽ പങ്കുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. കൊല നടന്ന ദിവസത്തെ സംഭവങ്ങൾ ഇന്ന് പുനരാവിഷ്കരിച്ചു. മൂന്നുപേർ ചേർന്നാണ് രാജ രഘുവൻഷിയെ കൊലപ്പെടുത്തിയത്. സോനം അപ്പോൾ അവിടെ ഉണ്ടായിരുന്നു. എസ് പി വിവേക് വ്യക്തമാക്കി.
നിലവിൽ കണ്ടെത്തിയ ആയുധത്തിനു പുറമേ ഒരു വെട്ടുകത്തി കൂടി കൊലയ്ക്ക് ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. ഇത് മൃതദേഹം വലിച്ചെറിഞ്ഞ കൊക്കയിലേക്ക് തന്നെ വലിച്ചെറിഞ്ഞു എന്നാണ് പ്രതികൾ പൊലീസിന് ൻൽകിയ മൊഴി. എസ് ഡി ആർ എഫ് ന്റെ സഹായത്തോടെ ഇത് കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. കൊലപാതകം മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് നടത്തിയത്. കൊല നടത്തിയ ശേഷം അവിടെ നിന്ന് രക്ഷപ്പെട്ട തടക്കം കാര്യങ്ങൾ ഇന്ന് പ്രതികൾ പൊലീസിന് മുന്നിൽ പുനരാവിഷ്കരിച്ചു.
സോനവും ആൺ സുഹൃത്തായ രാജ് കുശ്വഹയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിൽ തനിക്കുള്ള പങ്ക് സോനം ഏറ്റുപറഞ്ഞു എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എന്നാൽ കല്യാണം കഴിഞ്ഞ് ചുരുങ്ങിയ നാളുകളിൽ നടന്ന കൊലപാതകത്തിൽ പ്രണയബന്ധം അല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.