
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. തിരുവനന്തപുരം ജില്ലയിൽ ശിങ്കാരി മേളക്കാർക്കിടയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും വൻതോതിൽ വിൽപ്പന നടത്തുന്ന രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്‌തു. സച്ചിൻ, എബിൻ സന്തോഷ് എന്നിവരെയാണ് നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടിയത്.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തിവരവേ ബൈക്കിൽ കഞ്ചാവുമായി വന്ന പ്രതികൾ പിടിയിലാവുകയും ചോദ്യം ചെയ്യലിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ മലയിൻകീഴുള്ള എബിൻ സന്തോഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 14.517 ഗ്രാം എംഡിഎം പിടിച്ചെടുക്കുകയുമായിരുന്നു. പ്രതികൾ മയക്കുമരുന്ന് കച്ചവടത്തിനുപയോഗിച്ചിരുന്ന ആപ്പിൾ ഫോണുകൾ, യമഹ ബൈക്ക് എന്നിവയും എക്സൈസ് കസ്റ്റഡിയിലെടുത്തു.
പരിശോധനയിൽ റേഞ്ച് ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മണിവർണ്ണൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രശാന്ത്, സിവിൽ എക്സൈസ് ഓഫീസർ അനീഷ്, ലാൽകൃഷ്ണ, വിനോദ്, പ്രസന്നൻ, അൽത്താഫ്, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു ശ്രീ എന്നിവരും ഉണ്ടായിരുന്നു.