
മൂന്നാർ: മൂന്നാർ ടൗണിൽ നടന്ന സി പി ഐ - കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ 35 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മൂന്നാര്‍ പൊലീസ് കേസെടുത്തു. സംഘർഷത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് മൂന്നാര്‍ ടൗണില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. സി പി ഐ പഞ്ചായത്ത് അംഗം കോണ്‍ഗ്രസിലേക്ക് ചേക്കേറിയതോടെ ആരംഭിച്ച പ്രശ്‌നങ്ങളാണ് ഇന്നലെ വലിയ ആക്രമണങ്ങള്‍ക്ക് ഇടയാക്കിയത്.
ഒരുമാസം മുന്‍പ് സി പി ഐയിൽ ഉടലെടുത്ത ചില ആശയക്കുഴപ്പങ്ങളുടെ ഭാഗമായാണ് പഞ്ചായത്ത് അംഗം കോണ്‍ഗ്രസിലേക്ക് പോയത്. നേതാക്കളടക്കം ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ ദിവസം മൂന്നാര്‍ ടൗണില്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ യോഗത്തില്‍ സി പി ഐക്കെതിരെ ഇയാള്‍ വിമര്‍ശനങ്ങള്‍ ഉന്നിയിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ കോണ്‍ഗ്രസ് - സി പി ഐ പ്രതിനിധികള്‍ ഏറ്റുമുട്ടി. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നലെയും ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്.
സംഭവുമായി ബന്ധപ്പെട്ട് പ്രമുഖ നേതാക്കളടക്കം 35 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഔദ്യോഗിക ക്യത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, അന്യയമായി സംഘം ചേരല്‍, അടിപിടി നടത്തുക, മാരകായുധം കൈവശം വെയ്ക്കുക, പൊതുഗതാഗതം തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ക്കായി പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. അതേസമയം സി പി ഐ പഞ്ചായത്ത് അംഗം കോണ്‍ഗ്രസിലേക്ക് ചേക്കേറിയതോടെ ആരംഭിച്ച പ്രശ്‌നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam