ലോക്ക് ഡൗണ്‍: നിരത്തിലിറങ്ങുന്നവരെ പിടിക്കാനിറങ്ങി പൊലീസ്, കയ്യിൽ കിട്ടിയത് രണ്ട് വയസുകാരിയെ

By Web TeamFirst Published Apr 3, 2020, 9:47 AM IST
Highlights

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായി പതിവ് പട്രോളിംഗിനിടെയാണ് റോഡിലൂടെ തനിച്ച് നടന്നു പോകുന്ന പെൺ കുഞ്ഞിനെ പൊലീസ് സംഘം കണ്ടത്. 

മാനന്തവാടി: ലോക്ക് ഡൗണിനിടെ സർക്കാർ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നിരത്തിലിറങ്ങുന്നവരെ പിടികൂടാന്‍ ഇറങ്ങിയ പൊലീസ് വീട്ടില്‍ എത്തിച്ചത് രണ്ട് വയസുകാരിയായ കുഞ്ഞിനെ. മാനന്തവാടി പൊലീസാണ് കു‍ഞ്ഞിനെ സുരക്ഷിതമായി വീട്ടില്‍ എത്തിച്ചത്.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായി പതിവ് പട്രോളിംഗിനിടെയാണ് റോഡിലൂടെ തനിച്ച് നടന്നു പോകുന്ന പെൺ കുഞ്ഞിനെ പൊലീസ് സംഘം കണ്ടത്. ഉടന്‍ തന്നെ പൊലീസ് ഡ്രൈവര്‍ കെ ഇബ്രാഹിം, കുഞ്ഞിനെ എടുത്ത് വീട് കണ്ടെത്തി അമ്മയെ ഏല്‍പിക്കുകയായിരുന്നു.

കുഞ്ഞിനെയും കൊണ്ട് പൊലീസ് എത്തിയപ്പോഴാണ് വീട്ടുകാരും സംഭവം അറിയുന്നത്. റോഡിന്‍റെ വശത്തുള്ള തന്‍റെ വീട്ടില്‍ നിന്ന് കുഞ്ഞ് 50 മീറ്ററോളം നടന്നിരുന്നുവെന്ന് പൊലീസ് പറയുന്നു. സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ എസ് സി പിഒ  കെ എന്‍ സുനില്‍ കുമാര്‍ പകര്‍ത്തിയ ചിത്രം ജില്ലാ പൊലീസ് മേധാവി ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.

click me!