
തിരുന്നാവായ : ഉത്സവം കാണാൻ എത്തിയ യുവതി ഫോൺ ചെയ്യുന്നതിനിടെ കിണറ്റിൽ വീണു. ഒടുവിൽ യുവതി തന്നെ ഫോണിൽ വിളിച്ചു വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തിരൂർ എസ് ഐ സാഹസികമായി കിണറ്റിൽ ഇറങ്ങി യുവതിയെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി വൈകി വൈരങ്കോടിനടുത്ത് കുത്തുകല്ലിലാണ് സംഭവം.
വൈരങ്കോടുത്സവം കാണുവാൻ ബന്ധു വീട്ടിലെത്തിയ യുവതി ഫോൺ വന്നപ്പോൾ മാറി നിന്ന് സംസാരിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. പരശ്ശേരി നാസറിൻറെ ഉടമസ്ഥതയിലുള്ള കിണറിലേക്കാണ് യുവതി വീണത്. അമ്പതടിയോളം താഴ്ചയുള്ള കിണറാണ്. കിണറ്റിനുള്ളിൽ ഉണ്ടായിരുന്ന മരങ്ങളുടെ വേരിൽ തടഞ്ഞ് നിന്ന യുവതി തന്നെയാണ് ഫോൺ ചെയ്ത് അപകട വിവരം ബന്ധുക്കളെ അറിയിച്ചത്.
ഫയർഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും വൈരങ്കോട് ഉത്സവത്തിന്റെ ഭാഗമായി വാഹനങ്ങൾ ബ്‌ളോക്കായതിനാൽ ആംബുലൻസിൽ സംഘം എത്താൻ വൈകി. ഈ സമയത്ത് ഉത്സവത്തിന് ഡ്യൂട്ടിയിലുണ്ടായിരുന്ന തിരൂർ എസ്.ഐ ജലീൽ കറുത്തേടത്ത് സംഭവ സ്ഥലത്തി.
കിണറിന് സമീപത്ത് ഉണ്ടായിരുന്ന പുൽകാടുകൾ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് വെട്ടിമാറ്റി. ഫയർഫോഴ്‌സിന്റെ കയർ ഉപയോഗിച്ച് എസ്.ഐ സാഹസികമായി കിണറ്റിലേക്ക് ഇറങ്ങി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുണ്ടിലങ്ങാടി സ്വദേശിനിയായ യുവതിയെ പിന്നീട് തിരൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam