
ആലപ്പുഴ: കനാലിൽ വീണ ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസുകാരൻ. ആലപ്പുഴ പൊലീസ് കൺട്രോൾ റൂം എഎസ്ഐ സിജെ സെബാസ്റ്റ്യൻ ആണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ബൈക്കുകൾ കൂട്ടിയിടിച്ച് യദുകൃഷ്ണൻ എന്ന യുവാവ് കനാലിലേക്ക് വീഴുകയായിരുന്നു. ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപം ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
തുമ്പോളി ചിറയിൽ വീട്ടിൽ മഹേഷ്, രവി എന്നിവർ സഞ്ചരിച്ച ബൈക്കുമായി യദുകൃഷ്ണന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തൊട്ടടുത്ത കനാലിലേക്ക് യദുകൃഷ്ണൻ തെറിച്ചുവീണു. ഈ സമയം കൺട്രോൾ റൂമിലെ പൊലീസുദ്യോഗസ്ഥർ ജീപ്പിൽ സ്ഥലത്തെത്തി. പിന്നാലെ സി.ജെ. സെബാസ്റ്റ്യൻ യൂണിഫോമോടുകൂടി കനാലിൽ ചാടി യദുകൃഷ്ണനെ രക്ഷപ്പെടുത്തുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ മഹേഷിനെയും രവിയെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള പൊലീസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഈ വിവരം പങ്കുവച്ചിട്ടുണ്ട്.