
കായംകുളം: കഴിഞ്ഞ ദിവസം എംഎസ്എം ഹൈസ്കൂളിനു സമീപം ഉണ്ടായ കൊലപാതകത്തിന് പിന്നിൽ നാലംഗ കൊട്ടേഷൻ സംഘമാണെന്ന് കായംകുളം പൊലീസ്. രണ്ട് പേർ ബൈക്കിലെത്തിയും, രണ്ട് പേർ കാറിലുമായി വന്നാണു കൊലപാതകം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. റോഡരികിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന സിപിഎം നേതാവ് സിയാദിനെ(35)ബൈക്കിലെത്തിയ വെറ്റ മുജീബ് രണ്ട് തവണ കഠാരകൊണ്ട് കുത്തുകയായിരുന്നു.
കുത്ത് കരളിൽ ഏറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കുത്തുകൊണ്ട് നിലത്തുവീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും ഉടനടി കായംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെക്ക് പോസ്റ്റ് മാർട്ടത്തിനായി കൊണ്ടുപോയി. കായംകുളം പോലീസ് മേൽനടപടി സ്വീകരിച്ചു പോസ്റ്റ് മാർട്ടത്തിന് ശേഷം ആറ് മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പുത്തൻ തെരുവു ജമാഅത്തിൽ ഖബറടക്കം നടത്തി.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പോലീസ് സ്റ്റേഷനുകളിൽ 25ൽപരം കേസുകളിൽ പ്രതിയാണു വെറ്റ മുജീബ്. ജയിൽ മോചിതനായി കഴിഞ്ഞ നാല് മാസമായി നാട്ടിൽ കഴിയുകയായിരുന്നു ഇയാൾ. മുജീബിനോടപ്പം നാലംഗ സംഘത്തിൽ ഉണ്ടായിരുന്ന ഫൈസലിനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.
എംഎസ്എം സ്കൂൾ ജംഗ്ഷൻ കേന്ദ്രീകരിച്ച് നാളുകളായി തമ്പടിച്ചിരുന്ന ക്വട്ടേഷൻ സംഘങ്ങളെ സിയാദിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചോദ്യം ചെയ്തതതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പലിശ ഇടപാടുകാരും കഞ്ചാവ് മാഫിയയും ഈ പ്രദേശങൾ കേന്ദ്രീകരിച്ച് തഴച്ചു വളരുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam