
കാസര്‍കോട്: കാസർകോട് ട്രെയിനിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങി. മോഷ്ടാക്കളായ രണ്ട് പേരാണ് മരിച്ചതെന്ന് വ്യക്തമായി. മോഷ്ടിച്ച ഫോണുകൾ റെയിൽവെ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ വന്ന ട്രെയിനിടിച്ചാണ് ഇരുവരും മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. പുലര്‍ച്ചെയായതിനാൽ ട്രെയിൻ വരുന്നത് യുവാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെന്നാണ് പൊലീസ് നിഗമനം.
കാസര്‍കോട് നെല്ലിക്കട്ട സ്വദേശികളായ മുഹമ്മദ് സഹീര്‍, നിഹാൽ എന്നിവരാണ് മരിച്ചത്. കാസര്‍കോട് പള്ളത്ത് ഇന്ന് പുലര്‍ച്ചെ 5.20 നാണ് സംഭവം. ഗുഡ്‌സ് ട്രെയിനിടിച്ചാണ് രണ്ട് പേരും മരിച്ചത്. മരിച്ച യുവാക്കളെ ആദ്യം തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞില്ല. പിന്നീട് വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.
നെല്ലിക്കട്ട നെക്രാജെ സ്വദേശികളാണ് മരിച്ച രണ്ട് പേരും. സഹീറിന് 19 വയസും നിഹാലിന് 21 വയസുമായിരുന്നു പ്രായം. ഇരുവരും നേരത്തെ നിരവധി മോഷണ കേസുകളിൽ പ്രതികളായിരുന്നുവെന്ന് സിഐ അജിത്‌കുമാര്‍ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ നാല് മൊബൈൽ ഫോണുകളെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇതുവരെയുള്ള അന്വേഷണത്തിൽ മറ്റ് ദുരൂഹതകൾ ഒന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam