ഇടിച്ച ശേഷം ഡ്രൈവര്‍ ഇറങ്ങിവന്ന് പരിക്ക് പരിശോധിച്ച് മുങ്ങി; ചാരനിറത്തിലുള്ള ആ 'ഇന്നോവ' തിരഞ്ഞ് പൊലീസ്

By Web TeamFirst Published Aug 24, 2021, 7:39 AM IST
Highlights

നിയന്ത്രണം വിട്ട വാഹനം സമീപത്തെ മുന്നറിയിപ്പ് ബോർഡ് തകർത്ത് നിന്ന ശേഷം ഡ്രൈവർ പുറത്തിറങ്ങി കുട്ടിക്കരികിലെത്തി നോക്കുന്നത് സമീപത്തെ സിസിടിവിയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ പരിക്ക് ​ഗുരുതരമാണെന്ന് തോന്നിയതോടെ ഇയാൾ കാറിൽ കയറി സ്ഥലം വിടുകയായിരുന്നു. 

ചാര നിറത്തിലുള്ള ആ ഇന്നോവ ക്രിസ്റ്റ വാഹനം തിരയുകയാണ് തൃശൂരിൽ പൊലീസ്.  സൈക്കിളിൽ സഞ്ചരിച്ച പതിനഞ്ചുകാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം പരിക്ക് ​ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ സ്ഥലം കാലിയാക്കിയ ക്രൂരതയുടെ പേരിലാണ് തൃശൂരിൽ ചാര നിറമുള്ള ഇന്നോവ ക്രിസ്റ്റയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുന്നത്. തൃശൂർ വിയ്യൂരിലെ ദയ ആശുപത്രിയ്ക്ക് സമീപത്ത് വച്ചാണ് ഏതാനുദിവസത്തിന് മുൻപ് അപകടമുണ്ടായത്.

രാത്രി പത്തോടെ പാലത്തിലൂടെ സൈക്കിളോടിച്ചു പോകുകയായിരുന്ന കുട്ടിയുടെ പിന്നിൽ  ആഡംബര കാർ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം സമീപത്തെ മുന്നറിയിപ്പ് ബോർഡ് തകർത്ത് നിന്ന ശേഷം ഡ്രൈവർ പുറത്തിറങ്ങി കുട്ടിക്കരികിലെത്തി നോക്കുന്നത് സമീപത്തെ സിസിടിവിയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ പരിക്ക് ​ഗുരുതരമാണെന്ന് തോന്നിയതോടെ ഇയാൾ കാറിൽ കയറി സ്ഥലം വിടുകയായിരുന്നു. വെറും 300 മീറ്റർ മുൻപിൽ ആശുപത്രിയുണ്ടായിരുന്നിട്ടും കുട്ടിയെ അവിടെയാക്കാനുള്ള മനസ് ഡ്രൈവർ കാണിച്ചില്ല.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബംപറിന്റെ ഒരു ഭാ​ഗം നിലത്തുവീണിരുന്നു. ഇതിൽ നിന്നാണ് അപകടമുണ്ടാക്കിയ ഇന്നോവ ക്രിസ്റ്റയാണെന്ന് വ്യക്തമായത്. വടക്കാഞ്ചേരി ഭാഗത്തേക്കു പോയ വാഹനത്തെപ്പറ്റി കൂടുതൽ വിവരങ്ങൾക്കായി ടോൾ പ്ലാസകളിലെയും ജില്ലാ അതിർത്തികളിലെയും സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും വിയ്യൂർ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കയ്യിലും കാലിലും തലയിലും ഗുരുതരമായി പരുക്കേറ്റ കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വിശദമാക്കി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!