നോട്ടുബുക്കിലെഴുതിയ പരാതി പരിഹരിച്ചു; നാലാംക്ലാസുകാരന്‍റെ സൈക്കിള്‍ തിരികെ വാങ്ങി നല്‍കി പൊലീസ്

By Web TeamFirst Published Nov 28, 2019, 8:27 AM IST
Highlights

തന്‍റെയും അനിയന്‍റെയും കേടായ സൈക്കിളുകള്‍ കഴിഞ്ഞ സെപ്റ്റബര്‍ അഞ്ചിനാണ്  ആബിര്‍ നന്നാക്കാനായി ഏല്‍പ്പിച്ചത്. കൂലിയായി 200 രൂപയും നല്‍കി. ഒരാഴ്ചയ്ക്കം നന്നാക്കി കൊടുക്കാമെന്നായിരുന്നു വാക്കെങ്കിലും മാസം രണ്ട് കഴിഞ്ഞിട്ടും സൈക്കിള്‍ തിരികെ കിട്ടിയില്ലെന്നായിരുന്നു പരാതി. 

കോഴിക്കോട്: നോട്ടുബുക്കിന്‍റെ പേജ് കീറിയെടുത്ത പേജില്‍ സൈക്കിള്‍ തിരികെ വാങ്ങി നല്‍കണമെന്ന നാലാംക്ലാസുകാരന്‍റെ പരാതി പരിഹരിച്ചു. നന്നാക്കാന്‍ നല്‍കിയ സൈക്കിള്‍ തിരികെ ലഭിക്കാതെ വന്നതോടെയാണ് കോഴിക്കോട്  എളമ്പിലാട് യു പി സ്കൂളിലെ നാലാം ക്ലാസുകാരനായ മുഹമ്മദ് ആബിർ പൊലീസിനെ സമീപിച്ചത്. കാര്യം കുട്ടിക്കളിയല്ലെന്ന് കണ്ടാണ് ജനമൈത്രി പൊലീസ് പരാതിയിൽ നടപടിയുമെടുത്തത്. 

സ്കൂളിനടുത്ത് സൈക്കിള്‍ കട നടത്തുന്ന ബാലകൃഷ്ണനെതിരെ നോട്ട്ബുക്കില്‍ നിന്ന് കീറിയെടുത്ത ഒരു പേജിലാണ് തിങ്കളാഴ്ച ആബിര്‍ പരാതി എഴുതിയത്. തന്‍റെയും അനിയന്‍റെയും കേടായ സൈക്കിളുകള്‍ കഴിഞ്ഞ സെപ്റ്റബര്‍ അഞ്ചിനാണ്  ആബിര്‍ ബാലകൃഷ്ണനെ ഏല്‍പ്പിച്ചത്. കൂലിയായി 200 രൂപയും നല്‍കി. ഒരാഴ്ചയ്ക്കം നന്നാക്കി കൊടുക്കാമെന്നായിരുന്നു വാക്കെങ്കിലും മാസം രണ്ട് കഴിഞ്ഞിട്ടും സൈക്കിള്‍ തിരികെ കിട്ടിയില്ലെന്നായിരുന്നു പരാതി. 

ഗള്‍ഫിലുളള പിതാവിനോട് കാര്യം പറഞ്ഞു, വീട്ടില്‍ അമ്മയോടും പിതാവിന്‍റെ സഹോദരനോടും പ്രശ്നം അവതരിപ്പിച്ചു. ആരും സഹായിക്കുന്നില്ലെന്ന് തോന്നിയപ്പോഴാണ് ആബിര്‍ പൊലീസിനെ സമീപിച്ചത്. മേപ്പയൂര്‍ പൊലീസ് പ്രതീക്ഷ തെറ്റിച്ചില്ല. പരാതി കിട്ടിയ ഉടന്‍ ആബിറിനെയും കൂട്ടി ബലകൃഷ്ണനെ കണ്ട് സംഗതി തിരക്കി. വ്യാഴാഴ്ചയ്ക്കകം സൈക്കിള്‍ നന്നാക്കിക്കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. ബാലകൃഷ്ണനാകട്ടെ ഒരു ദിവസം നേരത്തെ  പൊലീസ് നിര്‍ദ്ദേശം നടപ്പാക്കുകയും ചെയ്തു. 

 

പൊരുതി നേടിയ സൈക്കിളുകളുമായി വീട്ടിലെത്തിയപ്പോൾ സന്തോഷം അടക്കാനാവാത്തത് ആബിറിന്‍റെ അനുജൻ ഷാഹിദിനാണ്. കൈവിട്ട് പോയെന്ന് കരുതിയ സമ്പാദ്യമാണ് സഹോദരൻ തിരിച്ച് പിടിച്ചത്. പ്രശ്നം രമ്യമായി പരിഹരിച്ചതോടെ മേപ്പയൂരിലെ ജനമൈത്രി പൊലീസിനും ആശ്വാസമായി. വടകര ഡിവൈഎസ്പി അടക്കമുളള പൊലീസ് ഉദ്യോഗസ്ഥര്‍ ആബിറിനെ ആദരിക്കാനായി സ്കൂളിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്.

click me!