
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പെർമിറ്റില്ലാതെ ഓടുന്ന ഓട്ടോറിഷകൾക്കെതിരെ പൊലീസ് നടപടി തുടങ്ങി. വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ ദേശീയ പാത ഉപരോധമടക്കമുള്ള സമരം തുടങ്ങാനാണ് വിവിധ തൊഴിലാളി യൂണിയനുകളുടെ തീരുമാനം. കോർപറേഷൻ പതിനഞ്ച് വര്‍ഷമായി പുതിയ ഓട്ടോറിഷകൾക്ക് പെര്‍മ്മിറ്റ് നല്‍കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി തൊഴിലാളി യൂണിയനുകൾ ചൂണ്ടികാട്ടുന്നത്.
കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ നാലായിരത്തി അഞ്ഞൂറില്‍ താഴെ ഓട്ടോറിഷകള്‍ക്കാണ് പെർമിറ്റുള്ളത്. എന്നാല്‍ ഇരുപത്തയ്യായിരത്തിലധികം ഓട്ടോകള്‍ നിരത്തിലോടുന്നുണ്ട്. പതിനഞ്ച് വർഷമായി കോര്‍പറേഷന്‍ പുതിയ പെർമിറ്റുകൾക്ക് നല്‍കിയിട്ട്. പാര്‍ക്കിംഗ് സൗകര്യകുറവാണ് കാരണമായി കോര്‍പറേഷന്‍ ചൂണ്ടികാട്ടുന്നത്. അനുമതിയില്ലാത്തവരെ നിരത്തിലോടിക്കരുതെന്നാവശ്യപ്പെട്ട് പെർമിറ്റ് തൊഴിലാളികളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ട്രാഫിക് പൊലീസിനെ സമീപിച്ചതോടെ നടപടി തുടങ്ങി. പെര്‍മ്മിറ്റില്ലാതെ ഓടിയാല്‍ ഓട്ടോകള്‍ പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പാണ് ആദ്യഘട്ടമെന്ന നിലയില്‍ പൊലീസ് നല്‍കുന്നത്.
പത്തുവര്‍ഷത്തിലധികമായി നഗരത്തില്‍ ഓട്ടോറിഷയോടിക്കുന്നവര്‍ക്ക് പെര്‍മ്മിറ്റ് നല്‍കണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം. നഗരത്തില്‍ സൗകര്യമില്ലെന്ന കോര്‍പറേഷന്‍റെ വിശദീകരണം ശരിയല്ലെന്നും ഇവര്‍ വാദിക്കുന്നു. വിഷയത്തിലിടപെടണമെന്നാവശ്യപ്പെട്ട് പെര്‍മ്മിറ്റില്ലാത്ത ഓട്ടോറിഷാ തോഴിലാഴികള്‍ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam