
പാലക്കാട്: മണ്ണാർക്കാട് ഉപജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ സംഘർഷമുണ്ടായ സംഭവത്തിൽ സംഘാടക സമിതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. രണ്ട് സ്‌കൂളുകളിലെ അധ്യാപകരും വിദ്യാർത്ഥികളും പ്രതിപ്പട്ടികയിലുണ്ട്.
മണ്ണാർക്കാട് എംഇഎസ് എച്ച്എസ്എസ്, കുമരംപുത്തൂർ കല്ലടി എച്ച്എസ്എസ് എന്നീ സ്കൂളുകളിലെ സംഘർഷത്തിൽ ഇടപെട്ട അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ വിദ്യാർത്ഥികൾ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നാശനഷ്ടം വരുത്തൽ, മുറിവുണ്ടാക്കുന്ന ആയുധം ഉപയോഗിക്കൽ, നിയമ വിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്. നേരത്തെ അനുമതിയില്ലാതെ പടക്കം പൊട്ടിച്ചതിന് അധ്യാപകര്‍ക്കെതിരെ കേസെടുത്തിരുന്നു. 70,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് സംഘാടക സമിതി നൽകിയ പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കലോത്സവം സമാപന ചടങ്ങിൽ സമ്മാനദാനം നടക്കുന്നതിനിടെ വിജയികളായ സ്‌കൂളുകളിലെ അധ്യാപകർ വേദിക്കരികിൽ പടക്കം പൊട്ടിച്ചതാണ് സംഘർഷത്തിനു തുടക്കം കുറിച്ചതെന്ന് പൊലീസ് പറഞ്ഞു. പടക്കം വാഹനങ്ങൾക്കടിയിലും ആൾക്കൂട്ടത്തിനിടയിലും പൊട്ടിയതോടെ വിദ്യാർഥികളും അധ്യാപകരും പരിഭ്രാന്തരായി ഓടി. പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്‌തതോടെ കൂട്ടത്തല്ലും. കസേരകൾ അടിച്ചു പൊട്ടിക്കലും തുടങ്ങി. പൊലീസ് ലാത്തി വീശിയാണ് സംഘർഷം അവസാനിപ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam