തിരുവനന്തപുരത്തെ വിഴിഞ്ഞം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ വീണ്ടും വ്യാജ ബോംബു ഭീഷണി. ഇ-മെയിൽ വഴി ലഭിച്ച സന്ദേശത്തെ തുടർന്ന് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ നവംബറിലും സമാനമായ ഭീഷണി ഇവിടെയുണ്ടായിരുന്നു.

തിരുവനന്തപുരം: വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയ്ക്ക് നേരെ ബോംബ് ഭീഷണി. ബുധനാഴ്ച രാവിലെ ബാങ്കിന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് വന്ന സന്ദേശത്തെത്തുടർന്ന് വലിയ പരിഭ്രാന്തിയാണ് പ്രദേശത്തുണ്ടായത്. എന്നാൽ മണിക്കൂറുകൾ നീണ്ട വിശദമായ പരിശോധനയ്ക്കൊടുവിൽ ഭീഷണി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബാങ്ക് ശാഖയിൽ ബോംബ് വെച്ചിട്ടുണ്ടെന്നും എല്ലാവരും ഉടൻ പുറത്തിറങ്ങണമെന്നുമാണ് ഇമെയിലിൽ ഉണ്ടായിരുന്നത്. സന്ദേശം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബാങ്ക് അധികൃതർ വിഴിഞ്ഞം പൊലീസിനെ വിവരമറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പൊലീസ് നിർദ്ദേശപ്രകാരം ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെയും ഇടപാടുകാരെയും ഉടൻ തന്നെ പുറത്തിറക്കി. ബാങ്ക് പരിസരം പോലീസ് വലയത്തിലാക്കുകയും സമീപത്തെ ഗതാഗതം താൽക്കാലികമായി നിയന്ത്രിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നിന്നുള്ള ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ബാങ്കിനുള്ളിലും പരിസരത്തും വിശദമായ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

ഭീഷണി സന്ദേശം വന്ന ഇമെയിൽ വിലാസം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശത്തുനിന്നോ അതോ ലോക്കൽ ഐഡി ഉപയോഗിച്ചാണോ സന്ദേശം അയച്ചതെന്ന് കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടി. ബാങ്ക് ഇടപാടുകൾ തടസ്സപ്പെടുത്തുന്നതിനോ പരിഭ്രാന്തി പരത്തുന്നതിനോ വേണ്ടി ആരെങ്കിലും മനഃപൂർവ്വം ചെയ്തതാണോ ഇതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.