
കോഴിക്കോട്: താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിന് മുന്നിൽ കോഴിക്കോട് കർഷക കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ പങ്കെടുത്തവർക്കെതിരായ കേസിൽ നിന്ന് താമരശ്ശേരി രൂപതാ ബിഷപ്പിനെ ഒഴിവാക്കി. 13 പേരുള്ള പ്രതിപ്പട്ടികയിൽ നിന്നാണ് ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിനെ താമരശേരി പൊലീസ് നീക്കം ചെയ്തത്.
താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്‌റഫിന്റെ നിർദേശപ്രകാരം താമരശ്ശേരി പൊലീസ് ഇൻസ്‌പെക്ടർ എം.പി.രാജേഷ് നടത്തിയ പുനഃപരിശോധനയെത്തുടർന്നാണ് നടപടി. പ്രതിഷേധ സമരം അവസാനിക്കാറായ സമയത്ത് ഫോറസ്റ്റ് ഓഫീസിലെത്തിയ ബിഷപ്പ്, ആർ.എഫ്.ഒയ്ക്ക് നിവേദനം നൽകി മടങ്ങവെയാണ് മാധ്യമങ്ങളോട് സംസാരിച്ചതെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കാട്ടുപന്നിയെ വെടിവെച്ചുകൊന്ന കർഷകന് തോക്കുപയോഗത്തിനുള്ള അനുമതി നിഷേധിച്ച വനംവകുപ്പ് നടപടിക്കെതിരെ കഴിഞ്ഞ ജൂൺ 30-നായിരുന്നു കോഴിക്കോട് കർഷക കൂട്ടായ്മ താമരശ്ശേരി ആർ.എഫ്.ഒ കാര്യാലയത്തിന്റെ കവാടത്തിന് മുന്നിൽ പ്രതിഷേധസമരം നടത്തിയത്. പ്രതിഷേധ സമരം അവസാനിക്കാറായപ്പോൾ സ്ഥലത്തെത്തിയ ബിഷപ്പ് ആർ.എഫ്.ഒയ്ക്ക് നിവേദനം നൽകുകയും ഗേറ്റിന് പുറത്തെത്തി സംസാരിച്ച ശേഷം മടങ്ങുകയും ചെയ്തു.
Read More: കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് താമരശ്ശേരി ബിഷപ്പിനെതിരെ പൊലീസ് കേസെടുത്തു
പിന്നീട് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയ പന്ത്രണ്ട് പേർക്കൊപ്പം, സമരത്തിന്റെ ഭാഗമായാണ് ബിഷപ്പ് സംസാരിച്ചതെന്ന നിഗമനത്തിൽ അദ്ദേഹത്തെ 13-ാം പ്രതിയാക്കി താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ന്യായവിരുദ്ധമായി സംഘം ചേർന്നതിനും, പൊതുജനങ്ങൾക്ക് മാർഗതടസ്സം സൃഷ്ടിച്ചതിനും കോവിഡ് 19 നിയന്ത്രണലംഘനത്തിനുമായിരുന്നു അന്ന് കേസെടുത്തത്. ബിഷപ്പിനെതിരെ കേസെടുത്തത് വൻ വിവാദമായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam