
തിരുവനന്തപുരം: ആറ്റുകാൽ അമ്മയുടെ തിരുസന്നിധിയിൽ പൊങ്കാല അർപ്പിക്കാൻ എത്തിയവർക്ക് താങ്ങായി ആരോഗ്യകേരളം. ജില്ലാ ആരോഗ്യകേരളം ഓഫീസിന്‍റെ ആഭിമുഖ്യത്തിൽ ഒരുക്കിയ സൗജന്യ മെഡിക്കൽ ക്യാമ്പുകളും, പല സ്ഥലങ്ങളിലായി വിന്യസിച്ച 108 ആംബുലൻസുകളും ഭക്തജനങ്ങൾക്ക് കൈത്താങ്ങായി. പൊങ്കാല അർപ്പിക്കാൻ ഭക്തർ എത്തുന്ന വിവിധയിടങ്ങളിലായി സജ്ജീകരിച്ച 15 താൽകാലിക മെഡിക്കൽ ക്യാമ്പുകളിലും പന്ത്രണ്ട് നഗരാരോഗ്യ കേന്ദ്രങ്ങളിലുമായി 886 പേരാണ് കഴിഞ്ഞ ദിവസം വൈദ്യ സഹായം തേടിയത്.
ഓരോ മെഡിക്കൽ ക്യാമ്പുകളിലും രണ്ട് മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്, സ്റ്റാഫ് നേഴ്സ്, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ്, അറ്റൻഡർ എന്നിവരുടെ സേവനം ലഭ്യമാക്കിയിരുന്നു. ക്യാമ്പിലേക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുകയും ഇവ തീരുന്ന മുറയ്ക്ക് എത്തിക്കാൻ വേണ്ട സജ്ജീകരണങ്ങളും ഒരുക്കി. കൂടാതെ ക്യാമ്പുകളിൽ വൈദ്യ സഹായം തേടിയെത്തുന്നവർക് സൗജന്യ മരുന്ന് വിതരണം, രക്ത പരിശോധന, ബി പി പരിശോധന എന്നിവയും ഒരുക്കി.
പൊങ്കാലയോട് അനുബന്ധിച്ച് അടിയന്തിരഘട്ടങ്ങൾ നേരിടാനും വൈദ്യ സഹായം വേണ്ടവർക്ക് പ്രഥമ ശുശ്രൂഷ നൽകാനുമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പന്ത്രണ്ട് 108 ആംബുലസുകളുടെ സേവനം ലഭ്യമാക്കിയിരുന്നു. 54 പേർക്കാണ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമായത്. ഇതിൽ 23 പേരെ ആംബുലൻസിന് ഉള്ളിൽ വെച്ച് തന്നെ വൈദ്യ സഹായം നൽകി വിട്ടയച്ചു. 31 പേരെ പ്രഥമ സുസ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി വി അരുണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam