കടുവാപേടിയില്‍ പൊന്‍മുടിക്കോട്ട; തിങ്കളാഴ്ച മുതല്‍ നാട്ടുകാര്‍ അനശ്ചിതകാല സമരത്തിലേക്ക്

By Web TeamFirst Published Jan 20, 2023, 8:58 PM IST
Highlights

കഴിഞ്ഞ ദിവസം പുലി കൂടിയിറങ്ങി ആടിനെ ആക്രമിച്ചതോടെ ജനങ്ങള്‍ കടുത്ത ഭീതിയിലായിരിക്കുകയാണ്. ആറുമാസം മുമ്പാണ് പ്രദേശത്ത് കടുവ സാന്നിധ്യം സ്ഥീരികരിച്ചത്. ഇതിനിടെ ഒരു കടുവയെ ഇവിടെ നിന്ന് വനംവകുപ്പ് പിടികൂടി സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

സുല്‍ത്താന്‍ബത്തേരി: മാസങ്ങളായി കടുവാഭീതിയിലാണ് നന്‍മേനി പഞ്ചായത്തിലെ 23-ാം വാര്‍ഡിലുള്‍പ്പെടുന്ന പൊന്‍മുടിക്കോട്ട പ്രദേശം. കഴിഞ്ഞ ദിവസം പുലി കൂടിയിറങ്ങി ആടിനെ ആക്രമിച്ചതോടെ ജനങ്ങള്‍ കടുത്ത ഭീതിയിലായിരിക്കുകയാണ്. ആറുമാസം മുമ്പാണ് പ്രദേശത്ത് കടുവ സാന്നിധ്യം സ്ഥീരികരിച്ചത്. ഇതിനിടെ ഒരു കടുവയെ ഇവിടെ നിന്ന് വനംവകുപ്പ് പിടികൂടി സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. രണ്ട് കുഞ്ഞുങ്ങളുണ്ടായിരുന്ന അമ്മക്കടുവയായിരുന്നു ഇത്. കുഞ്ഞുങ്ങളെ പിടികൂടാന്‍ ഇതുവരെ കഴിയാത്തതും മറ്റേതെങ്കിലും കടുവകള്‍ക്ക് കൂടി ഇവിടങ്ങളിലെ എസ്റ്റേറ്റുകളില്‍ തമ്പടിച്ചിട്ടുണ്ടോ എന്നുമാണ് ജനങ്ങളുടെ ഭീതി. 

പല രാത്രികളിലും പുലിയുടെയും മറ്റു വന്യമൃഗങ്ങളുടെയും കരച്ചില്‍ കേള്‍ക്കാറുണ്ടെന്ന് പ്രദേശവാസികള്‍ സൂചിപ്പിച്ചു. പ്രദേശത്ത് നിന്ന് പത്ത് കിലോമീറ്ററെങ്കിലും മാറിയാണ് കാടുള്ളതെങ്കിലും അടിക്കാട് വൃത്തിയാക്കാതെയും വിളവെടുപ്പ് നടത്താതെയും കിടക്കുന്ന വലിയ എസ്റ്റേറ്റുകളിലും സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലുമാണ് വന്യമൃഗങ്ങള്‍ തമ്പടിച്ചിരിക്കുന്നത്. കടുവ ശല്യം ഏറിയതോടെ വനംവകുപ്പ് പ്രത്യേക ക്യാമ്പ് തന്നെ പൊന്‍മുടിക്കോട്ടയില്‍ ആരംഭിച്ചിരിക്കുകയാണ്. എങ്കിലും സാധാരണ ജീവിതം അന്യമായതോടെ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയാണ് നാട്ടുകാര്‍. തിങ്കളാഴ്ച കാപ്പക്കൊല്ലി ടൗണില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹി ഇ.കെ. സുരേഷ് ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയതോടെയാണ് പൊന്‍മുടിക്കോട്ടക്കാരുടെ ദുരിതം തുടങ്ങുന്നത്. പൊന്‍മുടിക്കോട്ടയിലും പരിസരത്തും കാട്മൂടി കിടക്കുന്ന തോട്ടങ്ങളില്‍ തമ്പടിച്ചിരുന്ന അമ്മക്കടുവ കൂട്ടിയലായതോടെ അധികം പ്രായമെത്താത്ത രണ്ട് കുഞ്ഞുങ്ങള്‍ കൂടി എസ്റ്റേറ്റിലുണ്ടെന്ന് അന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പ്രദേശമാകെ ഭീതിയിലായത്. ഈ സംഭവത്തിന് ശേഷം രാത്രി പോയിട്ട് പകല്‍ പോലും ആളുകള്‍ നടന്നു പോകാനോ പറമ്പില്‍ ജോലി ചെയ്യാനോ കഴിയാതെ ഭീതിയിലാണ്. കടുവകള്‍ക്ക് പുറമെ കഴിഞ്ഞ ദിവസം പുലിയെ കൂടി കണ്ടതോടെയാണ് ജനങ്ങള്‍ പ്രത്യക്ഷ സമരത്തിന്റെ പാതയിലേക്ക് എത്തിയത്. സ്ഥിരമായി വനംവകുപ്പ് ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും വന്യമൃഗങ്ങളെ പിടികൂടി സ്ഥലത്ത് നിന്ന് മാറ്റാതെ സാധാരണ ജീവിതം പുലരില്ലെന്നും അതിനാല്‍ ജനങ്ങളുടെ പ്രതിഷേധം ന്യായമാണെന്നും വാര്‍ഡ് അംഗം ബിജു എടയനാല്‍ പ്രതികരിച്ചു. കടുവ സാന്നിധ്യമുണ്ടെന്ന് കാണിച്ച് അമ്പലവയല്‍ പോലീസ് പ്രദേശത്ത് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ദിവസവും നൂറുകണക്കിന് സഞ്ചാരികളെത്തുന്ന എടക്കല്‍ ഗുഹയുടെ പരിസരപ്രദേശം കൂടിയാണ് പൊന്‍മുടിക്കോട്ട.

Read Also: 'എടിഎമ്മിൽ നിന്ന് പണം വരുമ്പോൾ ഡിസ്പെൻസറിൽ അമർത്തും' കായംകുളത്ത് തട്ടിയത് രണ്ട് ലക്ഷത്തിലധികം രൂപ, അറസ്റ്റ്

click me!