
മലപ്പുറം: പൊന്നാനിയിലെ കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണാന്‍ ടെട്രാപോഡ് പദ്ധതി നടപ്പാക്കാന്‍ തീരുമാനം. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കി(എഡിബി)ന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ പത്ത് ഹോട്ട് സ്‌പോട്ടുകളിലൊന്നായ പൊന്നാനിയുടെ തീരം ഓരോ കടല്‍ക്ഷോഭങ്ങളിലും കടലെടുക്കുന്നത് തടയാന്‍ ശാശ്വത പരിഹാരമെന്ന നിലയിലാണ് ചെല്ലാനത്ത് വിജയം കണ്ട ടെട്രാപോഡ് പദ്ധതി പൊന്നാനിയിലെത്തുന്നത്.
പൊന്നാനി അഴിമുഖം മുതല്‍ പെരുമ്പടപ്പിലെ പാലപ്പെട്ടി വരെയുള്ള പതിനൊന്നര കിലോമീറ്റര്‍ വരുന്ന തീരത്താണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി സാമൂഹികാഘാത പഠനം നടത്തി. പദ്ധതി പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയും തീരദേശവാസികളുടെ അഭിപ്രായം കണക്കിലെടുത്തുമാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക. ഇതിന്റെ ഭാഗമായാണ് അള്‍ട്രാടെക് എന്‍വയണ്‍മെന്റ് കമ്പനി പ്രതിനിധികള്‍ പൊന്നാനി തീരത്ത് പഠനം നടത്തിയത്. തീരവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും നിര്‍ദേശങ്ങള്‍ കൂടി ചേര്‍ത്ത് അന്തിമ ഡിസൈന്‍ തയാറാക്കും.
പദ്ധതിക്കായി എ.ഡി.ബി 525 കോടി രൂപ അനുവദിച്ചിരുന്നു. 70 ശതമാനം ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കും 30 ശതമാനം സംസ്ഥാന സര്‍ക്കാറും വഹിക്കും. ഗവ. മിഷന്‍ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അടുത്ത ആഴ്ച പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് പരിശോധിക്കുകയും ചെയ്ത ശേഷമാണ് പദ്ധതി നടപ്പാക്കുക.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഏജന്‍സി എന്‍.സി.സി.ആര്‍ ആണ് സാധ്യതപഠനം നടത്തി ഡിസൈന്‍ തയാറാക്കിയത്. ആറ് മീറ്റര്‍ ഉയരത്തിൽ തുടക്കത്തിലും അവസാനിക്കുന്നിടത്തും 36 മീറ്റര്‍ വീതിയിലും ബാക്കി ഭാഗത്ത് 29 മീറ്റര്‍ വീതിയിലുമായി നാല് ലെയറുകളിലായാണ് ഭിത്തി നിര്‍മിക്കുക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam