
മലപ്പുറം: എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ പൊന്നാനി ഹാര്‍ബര്‍ പ്രവര്‍ത്തന സജ്ജമായി. പൊന്നാനിയിലെ മുഴുവൻ ബോട്ടുകളും പുതിയ ഹാർബറില്‍ നങ്കൂരമിട്ടുതുടങ്ങി. ലേല ഹാളില്‍ മത്സ്യക്കച്ചവടവും ആരംഭിച്ചു കഴിഞ്ഞു.
മത്സ്യം സൂക്ഷിക്കാൻ ആധുനിക സംവിധാനങ്ങളോടെ എഴുപത്തി മൂന്ന് സൂക്ഷിപ്പ് കേന്ദ്രങ്ങൾ, മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കാൻ ലോക്കര്‍ മുറികള്‍, വല അറ്റകുറ്റപണികള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍, ശുദ്ധജല- വൈദ്യുതി സൗകര്യം, വെയിലും മഴയും കൊള്ളാതെ ലേലം നടത്താൻ വിശാലമായ ഹാള്‍, വിപുലമായ വാഹന പാര്‍ക്കിംഗ് എന്നിവയടക്കം വലിയ സൗകര്യങ്ങളോടെയായിരുന്നു പൊന്നാനിയില്‍ തുറമുഖം നിര്‍മ്മിച്ചത്. നൂറുകോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിച്ച തുറമുഖം പക്ഷേ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി മത്സ്യതൊഴിലാളികള്‍ക്ക് ഒരു ഉപകാരവുമില്ലാതെ കിടക്കുകയായിരുന്നു. കാറ്റടിക്കുമ്പോൾ കൂട്ടിയിടിച്ചും ജെട്ടിയിൽത്തട്ടിയും ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതു പതിവായതോടെയാണ് തുറമുഖം മത്സ്യതൊഴിലാളികള്‍ ഉപേക്ഷിച്ചത്.
കഴിഞ്ഞയാഴ്ച സ്ഥലം എം.എല്‍.എ കൂടിയായ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണന്‍റെ നേതൃത്വത്തിൽ ബോട്ടുടമകൾ, മത്സ്യത്തൊഴിലാളികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ കുറവുകള്‍ പരിഹരിച്ച് ഹാർബര്‍ പ്രവര്‍ത്തന സജ്ജമാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഹാർബറിനോടുചേർന്ന് നാലുകോടി ചെലവിൽ പുതിയ വാർഫ് നിർമാണവും ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസത്തോടുകൂടി ഇതിന്‍റെ നിർമാണം പൂർത്തിയാകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam