
മലപ്പുറം: ഗ്ലാസ് ലോഡ് ഇറക്കുന്നതിനിടെ മലപ്പുറം വളാഞ്ചേരി കോട്ടപ്പുറത്ത് അപ്രതീക്ഷ ദുരന്തം. ഗ്ലാസിനും ലോറിക്കും ഇടയില്‍ കുടുങ്ങി ചുമട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. കൊട്ടാരം സ്വദേശി സിദ്ദിക്കാണ് മരിച്ചത്. കോട്ടപ്പുറം ജുമാ മസ്ജിദിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് - ഗ്ലാസ് ഷോറൂമിലാണ് ദാരുണ സംഭവം നടന്നത്. ഗ്ലാസുമായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ ലോറിയില്‍ നിന്ന് ഗ്ലാസ് പാളികള്‍ ഇറക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ലോറിയില്‍നിന്ന് ക്രെയിനുപയോഗിച്ച് ഇറക്കുന്നതിനിടെ ഗ്ലാസ് പാളി ചരിഞ്ഞ് സിദ്ദിഖിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ലോറിയ്ക്കും ഗ്ലാസിനും ഇടയില്‍പെട്ട സിദ്ദിഖിനെ ഉടന്‍തന്നെ വളാഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വീട് പെയിന്‍റിംഗിനിടെ ദുരന്തം, കടന്നൽ കൂടിളകി, കുത്തേറ്റു; ബന്ധുവായ യുവാവിന് ദാരുണാന്ത്യം
അതേസമയം കോഴിക്കോട് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് ഹാജറ കൊല്ലരുക്കണ്ടി ( 50 ) കിണറ്റിൽ വീണ് മരിച്ചു എന്നതാണ്. വനിതാ ലീഗ് നേതാവായ ഹാജറ കൊല്ലരുക്കണ്ടി വീട്ടിന് പിറകുവശത്തുള്ള കിണറ്റിലാണ് വീണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് ഹാജറയെ വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചലിൽ കിണറ്റിൽ കണ്ടെത്തുന്നത്. ഉടൻ നാട്ടുകാർ കിണറ്റിൽ നിന്നും മുകളിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ കൊല്ലരുക്കണ്ടി അസൈനാറാണ് ഭർത്താവ്. മക്കളില്ല. ഹാജറ രണ്ട് തവണ ( 2008 - 2010 , 2018 - 2020 ) താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിട്ടുണ്ട്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും സി എച്ച് സെന്‍റർ വൊളന്‍റീയറുമായിരുന്നു. അതിന് മുമ്പ് ഗ്രാമ പഞ്ചായത്തിന്‍റെ വൈസ് പ്രസിഡന്‍റ് പദവിയടക്കം ഇവർ കൈകാര്യം ചെയ്തിട്ടുണ്ട്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണായും വികസന ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണായും ഹാജറ പ്രവർത്തിച്ചിട്ടുണ്ട്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും സി എച്ച് സെന്‍റർ വൊളന്‍റീയറുമായിരുന്നു.