ഹാജറയെ വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചലിൽ കിണറ്റിൽ കണ്ടെത്തുന്നത്. ഉടൻ നാട്ടുകാർ കിണറ്റിൽ നിന്നും മുകളിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു
കോഴിക്കോട്: താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് ഹാജറ കൊല്ലരുക്കണ്ടി (50 ) കിണറ്റിൽ വീണ് മരിച്ചു. വനിതാ ലീഗ് നേതാവായ ഹാജറ കൊല്ലരുക്കണ്ടി വീട്ടിന് പിറകുവശത്തുള്ള കിണറ്റിലാണ് വീണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് ഹാജറയെ വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചലിൽ കിണറ്റിൽ കണ്ടെത്തുന്നത്. ഉടൻ നാട്ടുകാർ കിണറ്റിൽ നിന്നും മുകളിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ കൊല്ലരുക്കണ്ടി അസൈനാറാണ് ഭർത്താവ്. മക്കളില്ല. ഹാജറ രണ്ട് തവണ ( 2008 - 2010 , 2018 - 2020 ) താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിട്ടുണ്ട്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും സി എച്ച് സെന്‍റർ വൊളന്‍റീയറുമായിരുന്നു. അതിന് മുമ്പ് ഗ്രാമ പഞ്ചായത്തിന്‍റെ വൈസ് പ്രസിഡന്‍റ് പദവിയടക്കം ഇവർ കൈകാര്യം ചെയ്തിട്ടുണ്ട്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണായും വികസന ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണായും ഹാജറ പ്രവർത്തിച്ചിട്ടുണ്ട്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും സി എച്ച് സെന്‍റർ വൊളന്‍റീയറുമായിരുന്നു.

അതേസമയം കോഴിക്കോട് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത മാതാവിനും മറ്റു സഹോദരങ്ങൾക്കുമൊപ്പം ഉംറ നിർവഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിയായ ബാലൻ മക്കയിൽ മരിച്ചു എന്നതാണ്. മുക്കം കാരശ്ശേരി കക്കാട് സ്വദേശി മുക്കൻതൊടി അബ്ദുല്‍റഹ്മാൻ ( 9 ) ആണ് മരിച്ചത്. മാതാവ് ചക്കിപ്പറമ്പൻ കുരുങ്ങനത്ത് ഖദീജ, സഹോദരൻ, സഹോദരിമാർ എന്നിവരോടൊപ്പം ഉംറക്കെത്തിയതായിരുന്നു ബാലൻ. തിങ്കളാഴ്ച ഉംറ നിർവഹിച്ച് റൂമിലെത്തി വിശ്രമം കഴിഞ്ഞു മസ്ജിദുൽ ഹറമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി നടക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രിയിലും തുടർന്ന് മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ചികിത്സക്കിടെയായിരുന്നു മരണം. സൗദി അറേബ്യയിലെ ഹാഇലിൽ ജോലിചെയ്യുന്ന പിതാവ് മുക്കൻതൊടി നാസർ കുടുംബത്തോടൊപ്പം മക്കയിലുണ്ട്.
ഉംറ നിര്‍വഹിക്കാന്‍ കുടുംബത്തോടൊപ്പം നാട്ടിൽ നിന്നെത്തിയ മലയാളി ബാലൻ മക്കയിൽ മരിച്ചു
