
പൊരുവഴി: പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ജീവനക്കാർ മടങ്ങിയത് കൊല്ലം പോരുവഴിയിൽ രാഷ്ട്രീയ വിവാദമായി. പഞ്ചായത്ത് പ്രസിഡൻറും ജീവനക്കാരും ഓഫിസിൽ ഇരുന്ന് മദ്യപിച്ച ശേഷം ഓഫിസ് പൂട്ടാൻ മറന്നതാണെന്ന് ബിജെപി ആരോപിച്ചു. സെർവർ റൂമടക്കം ഒരു രാത്രി മുഴുവൻ തുറന്നു കിടന്നതിനെ പറ്റി പൊലീസും അന്വേഷണം തുടങ്ങി.
പ്രഭാത സവാരിക്കാരാണ് പോരുവഴി പഞ്ചായത്ത് ഓഫിസ് ഇങ്ങനെ മലർക്കെ തുറന്നു കിടക്കുന്നത് ആദ്യം കണ്ടത്. ഉള്ളിൽ കയറിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പ്രസിഡന്‍റിന്‍റെയും വൈസ് പ്രസിഡന്‍റിന്‍റെയും മുറികളും കമ്പ്യൂട്ടര്‍ സർവർ സൂക്ഷിച്ചിരുന്ന മുറിയുമെല്ലാം തുറന്നു തന്നെ. പ്രസിഡന്‍റും രണ്ടു ജീവനക്കാരും ചേർന്ന് ഓഫിസിൽ ഇരുന്ന് പുലർച്ചെ വരെ മദ്യപിക്കുകയായിരുന്നെന്നും മടങ്ങി പോയപ്പോൾ പൂട്ടാൻ മറന്നെന്നുമാണ് ബിജെപി ആരോപണം.
ഓഫിസിൽ നിന്ന് കണ്ടെടുത്തതായി പറയുന്ന മദ്യക്കുപ്പികളുടെ ചിത്രങ്ങളും ബി ജെ പി പുറത്തുവിട്ടു. ഓഫിസ് തുറന്നു കിടന്ന കാര്യം പഞ്ചായത്ത് പ്രസിഡൻറും സമ്മതിച്ചു. എന്നാൽ ഓഫിസിൽ മദ്യപാനം നടന്നെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും വൈദ്യ പരിശോധനയ്ക്കു വരെ തയാറാണെന്നും പ്രസിഡന്റ് വിനു മംഗലത്ത് പറഞ്ഞു.
ഭവന പദ്ധതിയുടെ രേഖകൾ തയാറാക്കാൻ രാത്രി വൈകിയും ഓഫിസിൽ തുടർന്ന ജീവനക്കാർ പ്രധാന വാതിൽ മാത്രം പൂട്ടാൻ മറന്നതാണെന്നും പ്രസിഡന്‍റ് വിശദീകരിക്കുന്നു.പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങളും അരങ്ങേറി. എസ് ഡി പി ഐ പിന്തുണയോടെ നേടിയ പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കാത്തതിന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് വിനു മംഗലത്ത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam