
ആലപ്പുഴ: മാവേലിക്കര സ്വദേശിനിയിൽ നിന്നും ഓൺലൈൻ ഷെയർ ട്രേഡിങ് കമ്പനിയുടെ പേരിൽ 13.6 ലക്ഷം രൂപ തട്ടിയ സംഘത്തിലെ രണ്ടു പേർ പിടിയിൽ. മാവേലിക്കര പെരുമ്പാവൂർ മാറമ്പിള്ളി സ്വദേശികളായ കളരിക്കൽ വീട്ടിൽ കെ അസീസ് (48), വടക്കുനേത്തിൽ വീട്ടിൽ വി എസ് മുഹമ്മദ് ആഷിഖ് (21) എന്നിവരെയാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി സമൂഹിക മാധ്യമം വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. കഴിഞ്ഞ ഏപ്രിൽ മുതൽ അമേരിക്കൻ കമ്പനിയുടെ പ്രതിനിധിയാണെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആഷിഖ് ഇത്തരത്തിൽ തട്ടിപ്പിലൂടെ 13 ലക്ഷം രൂപയോളം പല ബാങ്ക് അക്കൗണ്ടുകളിൽ നിന്നും എടിഎം വഴി പിൻവലിച്ചിട്ടുണ്ടെന്നു പൊലീസിനോട് സമ്മതിച്ചു.
ഇയാളുടെ പക്കൽ നിന്നു പലരുടെ പേരിലുള്ള 10 എടിഎം കാർഡുകളും ഒരു മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിഎസ് ശരത്ത് ചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർമാരായ എസ് ആർ ഗിരീഷ്, ജേക്കബ് സേവ്യർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം