'ഇതേ ദുരവസ്ഥ തുടരണമോ'?; വാഗ്ദാനലംഘനം ചൂണ്ടിക്കാണിച്ച് സ്ഥാനാര്‍ത്ഥികളെ സ്വാഗതം ചെയ്ത് പോസ്റ്റര്‍

By Web TeamFirst Published Mar 30, 2019, 12:35 PM IST
Highlights

തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ മാത്രം എസ്റ്റേറ്റ് മേഖലയില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രീയ നേതാക്കളുടെ കണ്ണുതുറക്കാന്‍ വേണ്ടിയാണ് മാട്ടുപ്പെട്ടി പഞ്ചായത്തിലെ ഒരുപറ്റം യുവാക്കള്‍ ഇത്തരം പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 

ഇടുക്കി: ചൂടുപിടിച്ച തെരഞ്ഞെടുപ്പ് കാലമാണിത്. വാഗ്ദാനങ്ങളും പുഞ്ചിരി തൂകുന്ന മുഖവുമായി ജനങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികള്‍ എത്തുന്ന സമയം. കാലങ്ങളായി അനുഭവിക്കുന്ന അവഗണനകളും പറ്റിക്കപ്പെടലുകളും സ്ഥാനാര്‍ത്ഥികളെ അറിയിക്കുകയാണ് മാട്ടുപ്പെട്ടിയിലെ ഒരുകൂട്ടം തൊഴിലാളികള്‍.   എല്ലാ തെരഞ്ഞെടുപ്പുകളിലും വാഗ്ദാനം നല്‍കി പിന്നീട് തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ പോകുന്ന സ്ഥാനാര്‍ത്ഥികളെ പരിഹാസത്തോടെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുകളാണ്  ഇവിടെ. മാട്ടുപ്പെട്ടിയില്‍ എത്തിയാല്‍ പല സ്ഥലങ്ങളിലായി ഇത്തരം പോസ്റ്ററുകള്‍ കാണാം. 

തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ മാത്രം എസ്റ്റേറ്റ് മേഖലയില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രീയ നേതാക്കളുടെ കണ്ണുതുറക്കാന്‍ വേണ്ടിയാണ് മാട്ടുപ്പെട്ടി പഞ്ചായത്തിലെ ഒരുപറ്റം യുവാക്കള്‍ ഇത്തരം പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രം ഞങ്ങളെ തേടി വരുകയും പിന്നീട് മാലിന്യം പോലെ എറിഞ്ഞുകളയുകയും ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ ഹ്യദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നെന്നാണ് ബോര്‍ഡിലെ ഉള്ളടക്കം. വന്യമൃഗശല്യത്തേക്കുറിച്ചും റോഡ് സൗകര്യമില്ലാത്തതിനെക്കുറിച്ചും  തങ്ങള്‍ കാലങ്ങളായി നേരിടുന്ന അവഗണനകളും വാഗ്ദാനലംഘനങ്ങളെക്കുറിച്ചും ബോര്‍ഡിലുണ്ട്.

 നിങ്ങള്‍ ഞങ്ങളെ അവഗണിച്ചാലും നിങ്ങള്‍ക്ക് വോട്ട് ചെയ്ത ശേഷം അനാഥകളെപോലെ അലയേണ്ടിവരുന്ന ഞങ്ങള്‍ പിന്തുണയോടെ സ്വാഗതം ചെയ്യുന്നു. എല്ലാ തെരഞ്ഞെടുപ്പിലും വാഗ്ദാനങ്ങള്‍ നല്‍കുകയും പീന്നീട് തിരിഞ്ഞുനോക്കാതെ ചതിക്കുഴില്‍ തള്ളിവിടുകയും ചെയ്യുന്ന നിങ്ങളെ വീണ്ടും സ്വാഗതം ചെയ്യുന്നു. ഇതേ ദുരവസ്ഥ തുടരണമോയെന്ന് ചോദിച്ചാണ് പോസ്റ്റര്‍ അവസാനിക്കുന്നത്.

രാഷ്ട്രീയക്കാര്‍ പലരും വന്നുപോയിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതാണ് തൊഴിലാളികളെ രോഷാകുലരാക്കിയത്. വോട്ടുകള്‍ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ തയ്യറാല്ല. എന്നാല്‍ വോട്ടുവാങ്ങുന്നവര്‍ ഞങ്ങളുടെ ദുരവസ്ഥ മനസിലാക്കുന്നതിന് വേണ്ടിയാണ് യുവാക്കള്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് പ്രദേശവാസി ആരോഗ്യദാസ് പറയുന്നു.

click me!