
കല്‍പ്പറ്റ: കേണിച്ചിറ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് തറയില്‍ തലയിടിച്ച് വീണാണെന്ന ഭാര്യയുടെ വാദം പൊളിച്ചത് പൊലീസിന്റെ ചോദ്യം ചെയ്യലും പിന്നീട് വന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും. ഭര്‍ത്താവിനെ തലക്ക് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ പിടിയിലായതോടെ പ്രദേശവാസികളും ഞെട്ടലിലാണ്. നടവയല്‍, കളനാടികൊല്ലി കര്യമ്പാതി കെജി ചന്ദ്രനെ(56) തലക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഭാര്യ ടിഎന്‍ ഭവാനി (54)യെയാണ് റിമാന്‍ഡ് ചെയ്തത്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവമെന്ന് പൊലീസ് പറയുന്നു. ശുചിമുറിയില്‍ പോകുന്നതിനായി കട്ടിലില്‍നിന്നും എഴുന്നേറ്റ ചന്ദ്രന്‍ തറയില്‍ തലയിടിച്ചുവീണെന്നും പറഞ്ഞായിരുന്നു ഭവാനി അയല്‍വാസികളെയും ബന്ധുക്കളേയും കൂട്ടി ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിയപ്പോഴേക്കും ചന്ദ്രന്‍ മരണപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ ഡോക്ടര്‍മാര്‍ സംശയമുന്നയിച്ചതോടെ പൊലീസ് ഭവാനിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
തുടര്‍ന്ന് മരണം കൊലപാതകമാണെന്ന് തെളിയുകയും കേണിച്ചിറ പൊലീസ് ഭവാനിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ടൈല്‍ കഷണം കൊണ്ട് ചന്ദ്രന്റെ തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഭവാനി പൊലീസിനോട് പറഞ്ഞു. ഇരുവരും അന്നേ ദിവസം വാക്കുതര്‍ക്കമുണ്ടായതായും ചന്ദ്രന്‍ ഭവാനിയെ മര്‍ദ്ദിച്ചതായും വിവരമുണ്ട്. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ രാജീവ്കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ മഹേഷ്, എ.എസ്.ഐ ദിലീപ്കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിഷ്ണു, സുനിത എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.