
തൃശൂർ: ആചാരത്തനിമയോടെ കരുവന്നൂർ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തിൽ നടന്ന പോത്തോട്ടോണം കാണികളെ ആവേശത്തിലാഴ്ത്തി. കാര്ഷികാഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനുമായി കാര്‍ഷിക ഉത്സവത്തിന്റെ ഭാഗമായാണ് ചടങ്ങ് നടത്തുന്നത്. കന്നിമാസത്തിലെ തിരുവോണ നാളിലാണ് സാധാരണ പോത്തോട്ടോണം നടത്തുന്നത്. ഇത്തവണ മകം നാളിലാണ് നടത്തിയത്. ഏഴ് ദിവസം മുമ്പ് ക്ഷേത്രത്തില്‍ പോത്തുകള്‍ക്കായി പ്രത്യേകം പൂജ നടത്തി വ്രതമെടുത്ത് പോത്തിനെ മൂളിക്കുക എന്ന ചടങ്ങോടു കൂടിയാണ് ഈ ആഘോഷം തുടങ്ങുന്നത്. ഏഴു ദിവസത്തെ ചിട്ടയായ വ്രതത്തിനു ശേഷം കര്‍ഷകര്‍ പോത്തുകളുമായി ക്ഷേത്രത്തില്‍ എത്തും. വിവിധ ദേശങ്ങളില്‍ നിന്നെത്തിയ പോത്തുകള്‍ ദേവിക്ക് മുന്നില്‍ ആര്‍ത്തോട്ടത്തിനു ശേഷമാണ് പോത്തോട്ടത്തില്‍ പങ്കെടുക്കുക.
മൂർക്കനാട്, പുറത്താട്, തേലപ്പിള്ളി, തളിയകോണം, മടായികോണം, മാപ്രാണം, തൊട്ടിപ്പാള്‍, രാപ്പാള്‍, നെടുംമ്പാള്‍, പറപ്പുക്കര, മുളങ്ങ്, ആറാട്ടുപുഴ, പനംങ്കുളം, എട്ടുമന, കരുവന്നുര്‍ തുടങ്ങി വിവിധ ദേശങ്ങളില്‍ നിന്നെത്തിയ പോത്തുകള്‍ ദേവിക്കുമുന്നില്‍ ആര്‍ത്തോട്ടത്തിനു ശേഷമാണ് പോത്തോട്ടത്തില്‍ പങ്കെടുത്തിരുന്നത്. എന്നാൽ ഇത്തവണ ചില ദേശങ്ങളിൽ നിന്നുള്ള പോത്തുകൾ ക്ഷേത്രത്തിലേയ്ക്ക് എത്തിയിരുന്നില്ല. പോത്തോട്ടക്കല്ലില്‍ പഴയ കാലത്തിന്റെ കാര്‍ഷികോത്പന്നങ്ങളുടെ പ്രതീകമായ നെല്ലിന്‍ കറ്റക്ക് മുകളിലിരിക്കുന്ന ചടങ്ങുകളുടെ പാരമ്പര്യാവകാശിയായ വള്ളുവോന്‍ കല്പിക്കുന്നതിനെ തുടര്‍ന്ന് പോത്തുകള്‍ തറയ്ക്കു ചുറ്റും മൂന്ന് പ്രദക്ഷിണം ചെയ്ത് ശക്തി തെളിയിക്കും. പിന്നീട് ഉരുക്കളെയും ദേശക്കാരെയും ഇളനീരും പൂവും നെല്ലുമെറിഞ്ഞ് അനുഗ്രഹിക്കുന്ന വള്ളുവോന്‍ ഉരുക്കളുടെ ശക്തിയെപ്പറ്റി ഊരാളനെ ധരിപ്പിക്കുന്നു. തുടര്‍ന്ന് അനുഗ്രഹ സൂചകമായി ഭഗവതിയുടെ പ്രതിനിധിയായ വെളിച്ചപ്പാട് ഉരുക്കളുടെ ശക്തി ഒരാണ്ട് ദേശത്തെ രക്ഷിക്കുമെന്ന് കല്പന ചൊല്ലുന്നതോടെ ചടങ്ങുകള്‍ സമാപനമാവും.
ഇതിനിടയില്‍ കര്‍ഷകര്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷത്തെ പിണക്കങ്ങള്‍ ഒത്തു തീര്‍പ്പാക്കുന്ന പതിവുമുണ്ട്. സന്തോഷ സൂചകമായി പാടുന്ന പ്രശ്നവും പരിഹാരവും ഉള്‍ക്കൊള്ളുന്ന ഗ്രാമീണ ഗാനങ്ങൾക്ക് ചെണ്ടയും മരവും പറയും ചെറുകുഴലും വാദ്യങ്ങളാകുന്നു. പങ്കെടുത്ത എല്ലാ ദേശക്കാര്‍ക്കും ക്ഷേത്രത്തില്‍ നിന്ന് പുടവയും പണവും നല്‍കും. കേരളത്തിലെ പ്രസിദ്ധമായ പോത്തോട്ടങ്ങളില്‍ ഒന്നാണ് കരുവന്നൂര്‍ വെട്ടുകുന്നത്തുകാവിലേത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam