
പോത്തുകല്ല്(മലപ്പുറം): ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പള്ളി വിട്ട് നല്‍കിയതിന് പിന്നാലെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് പോത്തുകല്ല് മഹല്ല് കമ്മിറ്റി. ജുമുഅ നമസ്കാരം ബസ് സ്റ്റാന്‍ഡില്‍ നടത്തിയാണ് പോത്തുകല്ല് മസ്ജിദുല്‍ മുജാഹിദീന്‍ കമ്മിറ്റി വാര്‍ത്തകളില്‍ വീണ്ടും ഇടം നേടിയത്. വെള്ളിയാഴ്ച നമസ്കാരത്തില്‍ നിരവധിപ്പേര്‍ പങ്കെടുത്തു.
കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലുണ്ടായിടത്ത് നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ അവിടെ വച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ജില്ലാ ഭരണകൂടമാണ് ഉത്തരവിട്ടത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ഇടം കിട്ടാതെ വന്നതോടെയാണ് നമസ്‌കാരം നടക്കുന്ന ഹാളും അതിനോടു ചേര്‍ന്ന് കൈകാലുകള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സ്ഥലവും ഇതിനായി വിട്ടുകൊടുക്കാന്‍ പോത്തുകല്ല് മഹല്ല് കമ്മിറ്റി മുന്നോട്ടുവന്നത്.
അഞ്ച് പോസ്റ്റുമോര്‍ട്ടം ടേബിളുകളാണ് മദ്രസയുടെ ഡെസ്‌കുകള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കിയത്. പോസ്റ്റുമോര്‍ട്ടത്തിനായി പള്ളി വിട്ട്നല്‍കിയ മഹല്ല് കമ്മിറ്റിക്ക് സമൂഹത്തിന്‍റെ പല മേഖലയില്‍ നിന്നുള്ള ആളുകളുടെ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam