
തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ 3 മണിക്കൂറായി വൈദ്യുതി മുടങ്ങി. സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് വൈദ്യതി മുടങ്ങിയത്. അത്യാഹിത വിഭാഗത്തിൽ വൈദ്യുതി ഇല്ലാതായതോടെ രോഗികൾ ദുരിതത്തിലായി. രോഗികളും ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിക്കുകയാണ്. ഗർഭിണികളും അമ്മമാരും നവജാത ശിശുക്കളും കിടക്കുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് കഴിഞ്ഞ 3 മണിക്കൂറിലേറെയായി വൈദ്യുതി മുടങ്ങിയിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ഐസിയു വിൽ വൈദ്യുതി ഉണ്ടെന്നാണ് ആശുപത്രി സുപ്രണ്ട് പറയുന്നത്.
വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ജനറേറ്ററും കേടായതാണ് പ്രതിസന്ധി കൂട്ടിയത്. പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗം വൈദ്യുതി പുനസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്. താൽക്കാലിക ജനറേറ്റർ ഉടൻ എത്തിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി. പ്രതിഷേധം കനത്ത സാഹചര്യത്തിൽ ആശുപത്രിയിൽ കൂടുതൽ പൊലീസ് എത്തി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ അടിയന്തര നടപടി
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ഒരു ബ്ലോക്കില്‍ വൈദ്യുതി ഇല്ലാതായെന്ന് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വൈദ്യുതി മന്ത്രിയുടേയും പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കല്‍ വിഭാഗത്തിന്റേയും സഹായം തേടി. അത്യാഹിത വിഭാഗത്തില്‍ ഉടന്‍ വൈദ്യുതി പുന:സ്ഥാപിക്കുമെന്ന് സാങ്കേതിക വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. ഉടന്‍ തന്നെ താത്ക്കാലിക ജനറേറ്റര്‍ സംവിധാനം ഒരുക്കും. കുട്ടികളുടെ വിഭാഗത്തില്‍, ഐസിയുവില്‍ ഉള്‍പ്പെടെ പ്രശ്‌നമില്ലെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ അറിയിച്ചിട്ടുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam