കനിവിന്‍റെ ആലപ്പുഴ മാതൃക; മഴക്കെടുതി നേരിടുന്നവര്‍ക്ക് മനസ്സറിഞ്ഞ് നല്‍കി പ്രദീപ്

By Web TeamFirst Published Aug 15, 2019, 10:43 AM IST
Highlights

എന്തെങ്കിലും തുണികളാണ് അവര്‍ ചോദിച്ചത്. എന്നാല്‍ തന്‍റെ കടയിലുണ്ടായിരുന്ന ഒരു സ്റ്റാന്‍റ് മുഴുവന്‍ വസ്ത്രങ്ങളും പ്രദീപ് കുട്ടികള്‍ക്ക് നല്‍കി. 

ആലപ്പുഴ:തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ പ്രളയബാധിതര്‍ക്കായി ചെയ്തവരാണ് കേരളത്തിലെ മിക്കവരും. നിരവധി സഹായസമാഹരണത്തിന് തന്നെ ഇറങ്ങി തിരിച്ചു. വീടുകളും കടകളും കയറിയിറങ്ങി സന്നദ്ധരില്‍ നിന്ന് സഹായം സ്വീകരിക്കുമ്പോള്‍ എന്തുകിട്ടിയാലും സന്തോഷമാണ്. എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത അത്രയും വലിയതൊന്ന് കിട്ടിയാലോ. അമ്പരപ്പിനപ്പുറം ആഹ്ളാദംകൊണ്ട് തിരയടിക്കുമായിരിക്കും. അങ്ങനെയൊരു അവസ്ഥയിലായിരുന്നു ആലപ്പുഴ ചേര്‍ത്തലയിലെ പ്രദീപ് കുമാറിന്‍റെ തുണിക്കടയില്‍ കയറിച്ചെന്ന എന്‍എസ്എസ് വളണ്ടിയര്‍മാര്‍. എന്തെങ്കിലും തുണികളാണ് അവര്‍ ചോദിച്ചത്. എന്നാല്‍ തന്‍റെ കടയിലുണ്ടായിരുന്ന ഒരു സ്റ്റാന്‍റ് മുഴുവന്‍ വസ്ത്രങ്ങളും പ്രദീപ് കുട്ടികള്‍ക്ക് നല്‍കി. 

കൊച്ചിയില്‍ നൗഷാദെങ്കില്‍ ആലപ്പുഴയിലൊരു പ്രദീപ്, സ്നേഹത്തിന്‍റെ പ്രതീകങ്ങളാണ് കേരളം മുഴുവനുമെന്ന് വിളിച്ചുപറയുകയാണ് ഇവര്‍. ചേര്‍ത്തല ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാരാണ് പ്രദീപിന്‍റെ കടയിലെത്തി സ്നേഹം കൈനീട്ടി വാങ്ങിയത്. ഇവര്‍തന്നെയാണ് പ്രദീപിന്‍റെ പ്രളയബാധിതര്‍ക്കുള്ള വലിയ സഹായം സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. 

കെഎല്‍ 32 ജെന്‍റ്സ്‍ വെയര്‍ എന്ന സ്ഥാപനം നടത്തുകയാണ് പ്രദീപ് കുമാര്‍. കൊക്കോതമംഗലം മണവേലി കൊച്ചുതറ സ്വദേശിയാണ് അദ്ദേഹം. തുണികള്‍ വേണമെന്ന് പറഞ്ഞതോടെ ആവശ്യത്തിന് എടുത്തോളാന്‍ പറഞ്ഞു പ്രദീപ്. മതിയെന്ന് പറഞ്ഞിട്ടും പിന്നെയും നല്‍കി. വേണമെങ്കില്‍ ഇനിയും ചെല്ലാനും പറഞ്ഞുവെന്നും കുട്ടികള്‍ പറയുന്നു. 

സമൂഹമാധ്യമങ്ങളില്‍ പ്രദീപ് വൈറലായതോടെ വലിയ പിന്തുണയും അഭിനന്ദനവുമാണ് പ്രദീപിന് ലഭിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് സ്വകാര്യമരുന്ന കമ്പനി ജീവനക്കാരനായിരുന്നു പ്രദീപ്. അന്ന് വിവിധ കമ്പനികളില്‍ നിന്നായി ലക്ഷങ്ങളുടെ മരുന്നുകള്‍ ക്യാമ്പുകളിലെത്തിച്ചിരുന്നു. പിന്നീടാണ് തുണിക്കട തുടങ്ങിയത്. 

click me!