
നെടുങ്കണ്ടം: എം എം മണിയുടെ നാവ് നന്നാവാൻ ഗാന്ധി ജയന്തി ദിനത്തില്‍ പ്രാര്‍ത്ഥനയുമായി മഹിള കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം സർക്കാർ ജീവനക്കാർക്കെതിരെയുള്ള എം എം മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മഹിള കോണ്‍ഗ്രസ് പ്രാര്‍ത്ഥന കൂട്ടായ്മ നടത്തിയത്. എം എം മണിയില്‍ നന്മ ഉണ്ടാകുന്നതിനാണ് പ്രാര്‍ത്ഥനയെന്നാണ് സംഘടന നേതാക്കള്‍ പറയുന്നത്. എം എം മണി എന്ന എംഎല്‍എ നിരന്തരം സ്ത്രീകളെ അപമാനിക്കുകയാണെന്നും മഹിള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം, മണിയുടെ നാവിനെ നന്നാക്കുമാറാകണം എന്ന് പ്രാര്‍ത്ഥന ചൊല്ലിയാണ് പ്രതിഷേധം. അമ്മയെയും പെങ്ങളെയും ബഹുമാനിക്കാറാക്കണേ എന്നും പ്രാര്‍ത്ഥനയില്‍ പറയുന്നു. സർക്കാർ ജീവനക്കാർക്കെതിരെയുള്ള വിവാദ പരാമർശത്തിൽ എം എം മണിക്കെതിരെ ഫെറ്റോ(ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ) ഡിജിപിക്ക് പരാതി നൽകിയിരുന്നു.
സർക്കാർ ജീവനക്കാരേയും കുടുംബാംഗങ്ങളെയും അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എംഎം മണിയുടെ പരാമർശം എംഎൽഎ എന്ന പദവി ദുരുപയോഗം ചെയ്യലാണ്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയിൽ പറയുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് സ്ത്രീ വിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങള്‍ എം എം മണി രംഗത്തെത്തിയത്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ രാഷ്ട്രീയം എടുത്താൽ ഞങ്ങളും രാഷ്ട്രീയം എടുക്കും.
പിന്നെ നീയൊന്നും ഇവിടെ ജീവിക്കുകയില്ല. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി സർക്കാരിന് നൽകാൻ ഉദ്യോഗസ്ഥരോട് സർക്കാർ പറഞ്ഞിട്ടില്ല. കേസ് എടുത്തിട്ട് എല്ലാം സർക്കാരിന് പണം ഉണ്ടാക്കാൻ ആണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദ്യോഗസ്ഥർ നിയമത്തിന്‍റെ വഴിക്ക് നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യും. അത് പൊലീസും, ആർടിഒയും, കലക്ടറുമായാലുമെന്ന് എം എം മണി പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam