ആകെയുള്ള കിടപ്പാടമൊഴിഞ്ഞു; പ്രീതാ ഷാജി വീട് പൂട്ടി താക്കോൽ കൈമാറി; ഇനി സമരം കാവൽപ്പുരയിൽ

By Web TeamFirst Published Nov 23, 2018, 6:21 PM IST
Highlights

‘ഞങ്ങൾക്ക് വേറെ നിവൃത്തിയില്ല. ഇത് നീതിയ്ക്ക് വേണ്ടിയുള്ള സമരമാണ്. ജോലിയെടുക്കാനും നിവൃത്തിയില്ല, വീടെടുക്കാനും പണമില്ല.’’ കണ്ണീരോടെ പ്രീതാ ഷാജി പറയുന്നു.

കൊച്ചി: കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം നടത്തുന്ന എറണാകുളം ഇടപ്പള്ളിയിലെ പ്രീതാ ഷാജിയെന്ന വീട്ടമ്മ ഒടുവിൽ വീടൊഴിഞ്ഞു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പ്രീതാഷാജി വീടൊഴിഞ്ഞ് താക്കോൽ റവന്യൂ അധികൃതർക്ക് കൈമാറിയത്. തൃക്കാക്കര വില്ലേജ് ഓഫീസറെത്തി താക്കോൽ വാങ്ങി വീട് പൂട്ടിയെന്നുറപ്പ് വരുത്തി.

കഴിഞ്ഞ ബുധനാഴ്ചയാണ് 48 മണിക്കൂറിനകം വീട് പൂട്ടി താക്കോൽ കൈമാറണമെന്ന് പ്രീതാ ഷാജിയോട് ഹൈക്കോടതി ഉത്തരവിട്ടത്. രണ്ട് ലക്ഷം രൂപയ്ക്ക് ഭർത്താവിന്‍റെ സുഹൃത്തിന് സ്വന്തം ഭൂമി ആധാരമായി നൽകി ജാമ്യം നിന്നതിനാണ് സർഫാസി നിയമപ്രകാരം പ്രീതാ ഷാജിയുടെ വീട് ഒരു റിയൽ എസ്റ്റേറ്റ് കമ്പനി ജപ്തി ചെയ്തത്. സുഹൃത്ത് തവണ അടയ്ക്കാതായതോടെ ജാമ്യം നിന്ന പ്രീതയുടെ ഭാവിയും ഇരുളടഞ്ഞു.  

സർഫാസി നിയമമനുസരിച്ച് ധനകാര്യസ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താം. ഇതിൽ കോടതിയുടെ ഇടപടൽ സാധ്യമല്ല. തിരിച്ചു കിട്ടാത്ത കടങ്ങൾക്ക് മേലുള്ള ആസ്തികളിൽ ബാങ്കുകൾക്ക് ഏത് നടപടിയും സ്വീകരിക്കാം. ആസ്തിയിൽ ആൾത്താമസമുണ്ടെങ്കിൽ അത് ഒഴിപ്പിയ്ക്കാനും ധനകാര്യസ്ഥാപനത്തിന് അവകാശമുണ്ട്.

ഈ നിയമപ്രകാരമുള്ള ജപ്തിക്കെതിരെ സമരവുമായി പ്രീതാ ഷാജി തെരുവിലിറങ്ങി. മൂന്ന് തവണ പ്രീത അനിശ്ചിതകാലസമരവുമായി ഇരുന്നു. സ്വന്തം വീട്ടുമുറ്റത്ത് ചിതയൊരുക്കി സമരം നടത്തി. ഇതിനിടെ അവരെ ഒഴിപ്പിയ്ക്കാൻ പൊലീസ് സഹായത്തോടെ ശ്രമം നടന്നു. അത് വലിയ സംഘർഷത്തിലാണ് കലാശിച്ചത്. നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങി.

ഇതോടെ പ്രശ്നത്തിൽ സർക്കാർ ഇടപെടാമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ കാര്യങ്ങൾ മുന്നോട്ടു നീങ്ങിയില്ല. കഴിഞ്ഞ ആഗസ്തിൽ ധനകാര്യമന്ത്രി തോമസ് ഐസകിന്‍റെ മധ്യസ്ഥതയിൽ സമവായചർച്ചകൾ നടന്നെങ്കിലും അതും ഫലം കണ്ടില്ല. രണ്ടരക്കോടി മൂല്യം വരുന്ന ഇടപ്പള്ളിയിലെ വീടിന് പകരം ആലങ്ങാട് എട്ട് സെന്‍റ് ഭൂമിയും പഴയൊരു വീടും തരാമെന്നായിരുന്നു റിയൽ എസ്റ്റേറ്റ് കമ്പനിയുടെ സമവായനിർദേശം. എന്നാൽ സ്വന്തം വീട് വിട്ടിറങ്ങാൻ പ്രീതയ്ക്കാകുമായിരുന്നില്ല.

ഒടുവിൽ കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് കോടതി സ്വരം കടുപ്പിച്ചത്. പ്രീതയോട് 48 മണിക്കൂറിനകം വീടൊഴിഞ്ഞ് 24-നകം റിപ്പോർട്ട് നൽകണമെന്ന് തൃക്കാക്കര തഹസിൽദാരോട് ഹൈക്കോടതി നിർദേശിച്ചു. പല തവണ പ്രശ്നം പരിഹരിക്കാൻ സമയം തന്നില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. ഒടുവിൽ കോടതിയലക്ഷ്യം ഒഴിവാക്കാനാണ് പ്രീത ഉള്ളതെല്ലാമെടുത്ത് വീട്ടിൽ നിന്നിറങ്ങിയത്.

click me!