
തിരുവനന്തപുരം: ഒരു മലയാളി എഴുതിയ കവിത ചന്ദ്രനിലേക്ക് പറക്കാൻ തയ്യാറെടുക്കുന്നു. മുംബൈയിൽ താമസിക്കുന്ന നീതുകൃഷ്ണയുടെ കവിതയാണ് ലൂണാർ കോഡക്സ് എന്ന പദ്ധതിയിലൂടെ ചന്ദ്രനിലേക്ക് പറക്കാൻ തയ്യാറെടുക്കുന്നത്. 150ലെറെ കവിതകൾ തെരഞ്ഞെടുത്തതിൽ ഇന്ത്യയിൽ നിന്നുള്ള ഏക എൻട്രിയാണ് നീതുവിന്‍റേത്.
ബ്ലാക് ഹോൾ എന്ന ശീർഷകത്തോടെ ഇംഗ്ലീഷിലാണ് ആദ്യം കവിത എഴുതിയതെങ്കിലും മാതൃഭാഷയിലും വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് നീതു കൃഷ്ണ അത് വിവർത്തനം ചെയ്തതത്. പോളാരിസ് ട്രിലൊജി എന്ന പേരിൽ ചന്ദ്രനിലേക്ക് അയക്കാൻ പോവുന്ന കവിതാ സമാഹാരത്തിൽ അങ്ങനെ മലയാളത്തിനും കിട്ടി ഒരിടം.
വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ള കനേഡിയൻ ഡോക്ടർ സാമുവൽ പെരാൾട്ടയുടെ സ്വപ്ന പദ്ധതിയാണ് ലൂണാർ കോഡക്സ്. കവിതകളും കഥകളും തിരക്കഥകളും ചിത്രങ്ങളും അങ്ങനെ സർഗാത്മക സൃഷ്ടിക്കളെ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി എത്തിക്കുകയാണ് ലക്ഷ്യം. നാസയുടെ ആർട്ടിമിസ് ദൗത്യവുമായി ചേർന്ന് അടുത്ത വർഷം നവംബറിലാണ് കവിതാ സമാഹാരം കൊണ്ടുപോവാൻ ലക്ഷ്യമിടുന്നത്. മുംബൈയിൽ നൂക്ലിയാർ പവർ കോർപ്പറേഷനിൽ ജോലി ചെയ്യുന്ന എംജികെ നായരുടേയും ജയശ്രീയുടേയും മകളാണ് നീതു.