
ഇടുക്കി: കുട്ട്യാർവാലിയിൽ ഭൂരഹിതരായ തോട്ടം തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച 5 സെന്റ് സ്ഥലത്തിന്റെ കാട് തെളിക്കൽ ജോലികൾ നവംബർ 8ന് ആരംഭിക്കും. 2300- ഓളം പേർക്ക് 2010-ലാണ് സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തി പട്ടയം നൽകിയത്. ഇവരുടെ വെരിഫിക്കേഷൻ നടപടികൾ അന്തിമ ഘട്ടത്തിലാണ്.
ഇവർക്ക് കുട്ട്യാർവാലിയിൽ അനുവദിച്ച 40 ഹെക്ടറോളം സ്ഥലം വെട്ടി തെളിക്കേണ്ടത് ദേവികുളം മൂന്നാർ പഞ്ചായത്തുകൾ സംയുക്തമായിട്ടാണ്. ജൂലൈ മാസം അവസാനം ദേവികുളം സബ് കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച് ഇരു പഞ്ചായത്തുകളും ധാരണായായിരുന്നു. എന്നാൽ യാതൊരു കാരണവുമില്ലാതെ മൂന്നാർ ഗ്രാമപ്പഞ്ചായത്ത് ഇതിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. തുടർന്നാണ് ദേവികുളം ഗ്രാമപ്പഞ്ചായത്ത് 4.45 ലക്ഷം രൂപ കാട് വെട്ടുന്നതിനായി തനത് ഫണ്ടിൽ നിന്ന് വകയിരുത്തിയത്.
റവന്യു വകുപ്പ് അവരുടെ വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിച്ചാൽ ഈ മാസം അവസാനത്തോടെ 5 സെന്റ് ഭൂമി വീതം അളന്ന് തിരിച്ച് ഉടമകൾക്ക് നൽകാനാവും. ഇതിന്റെ പ്രാരംഭ നടപടികൾ എന്ന നിലയിലാണ് വെള്ളിയാഴ്ച കാട് വെട്ടി തെളിക്കൽ അടക്കമുള്ള ജോലികൾക്കു ദേവികുളം ഗ്രാമപ്പഞ്ചായത്ത് തയ്യാറാകുന്നത്. ദേവികുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, റവന്യു, പഞ്ചായത്ത് അധികൃതർ എന്നിവർ ഈ പ്ലോട്ടുകൾ നേരിൽ സന്ദർശിച്ച് നടപടികൾ വിലയിരുത്തി. തോട്ടംതൊഴിലാളികള്‍ക്ക് അനുവദിച്ച ഭൂമിയുടെ വിതരണം വൈകുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കാട് വെട്ടിത്തെളിക്കല്‍ നടപടികള്‍ ആരംഭിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam